ചെന്നൈ: ഭാരത ക്രിക്കറ്റിലെ സ്പിന്‍ പ്രതിഭാസം ആര്‍. അശ്വിന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിനോട് വിട പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ തന്റെ വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചു.
വിശേഷപ്പെട്ട ദിവസമാണിന്ന്, സവിശേഷമായ തുടക്കത്തിന്റെയും. ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമായിരിക്കുമെന്നൊരു ചൊല്ലുണ്ട്- ഐപിഎല്‍ താരമായുള്ള എന്റെ കാലം ഇന്ന് അവസാനിക്കുന്നു, എന്നാല്‍ ലോകത്തിലെ വിവിധ ലീഗുകളിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ അറിയുവാന്‍ തുടങ്ങുന്ന ദിവസം കൂടിയാണിന്ന്. അവസരം നല്‍കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും മനോഹരമായ ഒട്ടേറെ ഓര്‍മകള്‍ക്കും നന്ദി, മാത്രമല്ല ഇക്കാലമത്രയും ഐപിഎല്ലും ബിസിസിഐയും തന്നോട് മികച്ച ബന്ധം കാത്തുസൂക്ഷിച്ചുപോന്നതിന് വലിയ പ്രധാന്യം കല്‍പ്പിക്കുന്നു, ഇനിയങ്ങോട്ട് എന്നെക്കൊണ്ട് എത്രമാത്രം ആസ്വദിക്കാനാകുന്നുവോ അതിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്- അശ്വിന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഐപിഎല്ലിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയ 2009 മുതലാണ് അശ്വിന്‍ കളിച്ചു തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിട്ടായിരുന്നു തുടക്കം. 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ അശ്വിന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായി. കഴിഞ്ഞ 17 ഐപിഎല്‍ സീസണുകളിലായി അഞ്ച് ഫ്രാഞ്ചൈസികളില്‍ കളിച്ചു. ചെന്നൈയെ കൂടാതെ റൈസിങ് പൂണെ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെയും താരമായി. കഴിഞ്ഞ ഐപിഎല്‍ സീസണോടെ ആദ്യ തട്ടകമായ ചെന്നൈയിലേക്ക് മടങ്ങിയെത്തി. പക്ഷെ ഐപിഎല്‍ 2025ല്‍ അശ്വിന് പഴയ പോലെ തിളങ്ങാന്‍ സാധിച്ചില്ല. ആകെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റേ നേടിയുള്ളൂ.
38കാരനായ അശ്വിന്‍ ആകെ 221 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓഫ് സ്പിന്‍മികവിലൂടെ 7.20 ഇക്കണോമിയില്‍ 187 വിക്കറ്റുകള്‍ നേടി. ബാറ്റുകൊണ്ടും പൊരുതിയിട്ടുള്ള അശ്വിന്‍ 833 റണ്‍സെടുത്തിട്ടുണ്ട്. ഒരു അര്‍ദ്ധസെഞ്ച്വറി നേടി.
ഇതിഹാസ തുല്യമായ രാജ്യാന്തര കരിയറില്‍ നിന്നും അശ്വിന്‍ കഴിഞ്ഞ ഡിസംബറില്‍ വിരമിച്ചിരുന്നു. ഭാരത ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പെട്ടെന്നുണ്ടായ വിരമിക്കല്‍ പ്രഖ്യാപനം വലിയ ഞെട്ടലുണ്ടാക്കിയതാണ്. അനില്‍ കുംബ്ലെയ്‌ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഭാരത ബൗളര്‍ ആയാണ് അശ്വിന്‍(537 വിക്കറ്റുകള്‍) അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്.