തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗി(കെസിഎല്‍)ല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വീണ്ടും തോല്‍വി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 33 റണ്‍സ് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 19 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന്റെ രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ക്യാപ്റ്റന്റെ തകര്‍പ്പന്‍ തുടക്കം കാലിക്കറ്റിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടു. ബൗണ്ടറികളുടെയും സിക്‌സറിന്റെയും പെരുമഴ പെയ്യിച്ച രോഹന്‍ വെറും 19 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി കടന്നു. സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറി. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ സച്ചിന്‍ സുരേഷും രോഹന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 8.2 ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ നൂറ് കടന്നു. ഇതിന് പിന്നാലെ സച്ചിന്‍(28) മടങ്ങി. 12-ാം ഓവറില്‍ രോഹന്‍ കുന്നുമ്മല്‍ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ(43 പന്തില്‍ 94) പുറത്തായി.
മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അജ്‌നാസും അഖില്‍ സ്‌കറിയയും തകര്‍ത്തടിച്ചപ്പോള്‍ കാലിക്കറ്റിന്റെ ഇന്നിങ്‌സ് വീണ്ടും കുതിച്ചു. ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 96 റണ്‍സ്. 19-ാം ഓവറിലെ അവസാന പന്തില്‍ അജ്‌നാസ്(49) മടങ്ങി. അഖില്‍ സ്‌കറിയ(19 പന്തുകളില്‍ 45) പുറത്താകാതെ നിന്നു.
സഞ്ജു സാംസന്റെ അഭാവത്തില്‍ വിനൂപ് മനോഹരനും മുഹമ്മദ് ഷാനുവും ചേര്‍ന്നാണ് കൊച്ചിയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് തുറന്നത്. തകര്‍പ്പന്‍ തുടക്കമായിരുന്നു കൊച്ചിയുടേത്. ആദ്യ ഓവറുകളില്‍ വിനൂപ് മനോഹരന്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ സ്‌കോര്‍ 42ല്‍ നില്‌ക്കെ വിനൂപ്(36) റണ്ണൗട്ടായത് കൊച്ചിക്ക് തിരിച്ചടിയായി. തുടര്‍ന്നും ഷാനുവിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം തുടര്‍ന്നു. എട്ടാം ഓവറില്‍ കൊച്ചിയുടെ ടോട്ടല്‍ നൂറ് കടന്നു. ഷാനുവിനെ പുറത്താക്കി അഖില്‍ സ്‌കറിയ കാലിക്കറ്റിന് ബ്രേക്ക് ത്രൂ നല്‍കി. 53 റണ്‍സാണ് ഷാനു നേടിയത്. തൊട്ടടുത്ത ഓവറുകളില്‍ നിഖില്‍ തോട്ടത്തും അജീഷും സാലി സാംസനും മടങ്ങിയതോടെ കൊച്ചിയുടെ പ്രതീക്ഷകള്‍ മങ്ങി. കൂറ്റന്‍ ഷോട്ടുകളിലൂടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ആല്‍ഫി ഫ്രാന്‍സിസിനെയും അഖില്‍ തന്നെ മടക്കി. 38 റണ്‍സെടുത്ത കെ.ജെ. രാകേഷിനെ മനു കൃഷ്ണനും പുറത്താക്കി.
മുഹമ്മദ് ആഷിഖ് എത്തിയതോടെ കളി വീണ്ടും ആവേശ നിമിഷങ്ങിലേക്ക് വഴി മാറി. ആഷിഖിന്റെ ബാറ്റില്‍ നിന്ന് സിക്‌സുകള്‍ തുടര്‍ക്കഥയായപ്പോള്‍ കൊച്ചിയുടെ ആരാധകര്‍ക്ക് പ്രതീക്ഷയേറി. എന്നാല്‍ അഖില്‍ സ്‌കറിയയുടെ പന്തില്‍ കൊച്ചിയുടെ ഇന്നിങ്‌സ് 19-ാം ഓവറില്‍ അവസാനിച്ചു. ആഷിക്കിനെ(38) അഖില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഓവറിലെ അവസാന പന്തില്‍ അഫ്രാദിനെയും മടക്കി അഖില്‍ ടീമിനെ വിജയത്തിലെത്തിച്ചു. നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്താണ് അഖില്‍ സ്‌കറിയ നാല് വിക്കറ്റ് വീഴ്‌ത്തിയത്. അന്‍ഫലും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ ആറ് പോയിന്റുമായി കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.