ന്യൂദല്‍ഹി: കോമണ്‍ വെല്‍ത്ത് ഗെയിംസ് 2030ന് വേദയാകാനുള്ള ഭാരതത്തിന്റെ ശ്രമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗമാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് വേദിക്കായുള്ള അപേക്ഷ സമര്‍പിക്കാനുള്ള അനുവാദം നല്‍കിയത്. രാജ്യത്തേക്ക് കൂടുതല്‍ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിനുള്ള നിര്‍ണായക ചുവടുവയ്‌പ്പായി ഈ തീരുമാനം.
കേന്ദ്ര യുവജന-കായിക മന്ത്രാലയമാണ് ക്യാബിനെറ്റിന് മുന്നില്‍ രാജ്യത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അധികാര കേന്ദ്രം ഇതിനോട് അനുഭാവം പ്രകടിപ്പിച്ചതോടെ ഇനിയുള്ള ശ്രമങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടു നീങ്ങും. വേദിക്കായുള്ള അപേക്ഷയില്‍ സമര്‍പ്പിക്കേണ്ട ഹോസ്റ്റ് കൊളാബ്രേഷന്‍ എഗ്രിമെന്റില്‍(എച്ച് സി എ) ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അധികൃതര്‍ കൂടാതെ ആതിഥേയ നഗരം ഉള്‍പ്പെടുന്ന സംസ്ഥാന ഭരണകൂടം എന്നിവിടങ്ങളില്‍ നിന്നെല്ലാം അനുമതി നല്‍കിയതായുള്ള രേഖാമൂലമുള്ള സ്ഥിരീകരണം വേണ്ടിവരും. ക്യാബിനെറ്റ് അംഗീകാരം ലഭിച്ചതോടെ ഇക്കാര്യങ്ങളെല്ലാം തടസ്സമില്ലാതെ നടന്നുകിട്ടും. ഇതോടെ വേദിക്കായുള്ള ലേലത്തില്‍ ഭാരതം പങ്കുചേരും.
അഹമ്മദാബാദ് ആതിഥേയ നഗരമായേക്കും
ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് 2030ന്റെ ആതിഥേയ നഗരമായി കായിക മന്ത്രാലയം കണ്ടുവയ്‌ക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയതും മികവുറ്റതുമായ സ്റ്റേഡിയങ്ങളില്‍ ഒന്ന് ഈ നഗരത്തിലാണെന്ന പ്രധാന പ്രത്യേകത ഉയര്‍ത്തിക്കാട്ടിയാണ് അധികൃതര്‍ മുന്നോട്ട് നീങ്ങുന്നത്. ലോകോത്തര സ്റ്റേഡിയം എന്നതിലുപരി അതിനനുസൃതമായ നിലവാരമുള്ള പരിശീലന സംവിധാനങ്ങള്‍ കായിക രംഗത്തോട് പ്രദേശവാസികള്‍ക്കുള്ള കായിക അഭിനിവേശം എന്നിവയെല്ലാം കണക്കിലെടുക്കുന്നതായി കേന്ദ്രം അറിയിച്ചു. ഭാരതം ആതിഥ്യമരുളിയ ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023ന്റെ ഫൈനല്‍ വേദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആയിരുന്നു. ഇതിന് മുമ്പ് ഭാരതത്തില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് വിരുന്നെത്തിയ 2010ല്‍ വേദിയായത് ദല്‍ഹി ആയിരുന്നു.
കായിക രംഗത്തിനും അതീതമായ നേട്ടമുണ്ടാക്കാനാകുമെന്ന് വിലയിരുത്തല്‍
2030 കോമണ്‍ വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത് വഴി കായിക മേഖലയ്‌ക്ക് വലിയ ഉത്തേജനമായിരിക്കും ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തെ കായിക സംസ്‌കാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കായിക താരങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടി മെച്ചപ്പെട്ട അവസരമാണ് സൃഷ്ടിക്കുന്നത്. പരിശീലകരും ഫിറ്റ്‌നസ് സ്‌പെഷ്യലിസ്റ്റും അടക്കമുള്ളവര്‍, ഇതു കൂടാതെ ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഗതാഗത മേഖല, മാധ്യമങ്ങള്‍, ബ്രോഡ്കാസ്റ്റ് രംഗം, ഐടി-കമ്മ്യൂണിക്കേഷന്‍, പിആര്‍ പ്രവര്‍ത്തകര്‍ എന്നവയ്‌ക്കെല്ലാം വലിയ അവസരങ്ങളായിരിക്കും സൃഷ്ടിക്കുക. 72 രാജ്യങ്ങളായിരിക്കും 2030 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുക.