
കൊച്ചി: ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യ – മിസ്റ്റര്‍ സുപ്രാനാഷണല്‍ കിരീടം കരസ്ഥമാക്കി കോട്ടയം സ്വദേശി ഏബല്‍ ബിജു. കേരളത്തെ പ്രതിനിധീകരിച്ച് ടൈറ്റില്‍ നേടുന്ന ആദ്യ മലയാളിയാണ്.
സംഗീത ബിജ്ലാനി, അദിതി ഗോവിത്രിക്കര്‍, കെന്‍ ഘോഷ്, റോക്കി സ്റ്റാര്‍, ജതിന്‍ കമ്പാനി, വരോയിന്‍ മര്‍വ എന്നിവരടങ്ങുന്ന വിദഗ്ധ ജഡ്ജിമാരുടെ പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. മിസ്റ്റര്‍ വേള്‍ഡ് 2016 രോഹിത് ഖണ്ഡേവാല്‍ ആയിരുന്നു ഏബലിന്റെ മെന്റര്‍.
കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ഏബല്‍, ഫെഡറല്‍ ബാങ്കില്‍ അസോസിയേറ്റായാണ് ജോലി ചെയ്യുന്നത്. ജോലിക്കൊപ്പം മോഡലിങ്ങും ഒന്നിച്ചു കൊണ്ടുപോയ ഈ 24 കാരന് ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ കിരീടം നേടാന്‍ സാധിച്ചു. ഈ മത്സരവിജയത്തോടെ പോളണ്ടില്‍ നടക്കാനിരിക്കുന്ന മിസ്റ്റര്‍ സുപ്രാനാഷണല്‍ 2026 മത്സരത്തില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഏബല്‍ ബിജു.









