
ന്യൂദല്‍ഹി: ഗോവയില്‍ നടക്കുന്ന ഫിഡെ വേള്‍ഡ് കപ്പ് ചെസ്സ് ടൂര്‍ണ്ണമെന്‍റില്‍ ഒരു പറ്റം കൗമാരക്കാര്‍ക്ക് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ വൈല്‍ഡ് കാര്‍ഡ് പ്രവേശനം നല്‍കിയിരിക്കുകയാണ് . ഇവര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ ലോകറാങ്കുകാരെ അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നതോടെ ഗോവയിലെ ഫിഡെ വേള്‍ഡ് കപ്പ് ചെസ്സിന് ഇരട്ടിയാവേശം.
അഞ്ച് യുവകൗമാര താരങ്ങള്‍ക്കാണ് ഫിഡെ വൈല്‍ഡ് കാര്‍ഡ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഇതില്‍ 16കാരനായ അമേരിക്കയുടെ അഭിമന്യു മിശ്ര, ചെസ്സിലെ മെസ്സി എന്നറിയപ്പെടുന്ന അര്‍ജന്‍റീനയില്‍ നിന്നുള്ള 11 കാരന്‍ ഫോസ്റ്റിനോ ഒറോ എന്നിവര്‍ ഉള്‍പ്പെടുന്നു. ഒരിയ്‌ക്കല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കാന്‍ യോഗ്യത നേടിയ കിറില്‍ അലക്സീങ്കോ , യുഎസ് ജൂനിയര്‍ ചാമ്പ്യനായ ആന്‍ഡി വുഡ് വേഡ്, ലോക റാപ്പിഡ് ചാമ്പ്യനായ 19 കാരന്‍ വൊളോഡര്‍ മുസിന്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍. ഈ കൗമാരക്കാര്‍ ഗോവയില്‍ വമ്പന്‍ അട്ടിമറികളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുമെന്നാണ് ഫിഡെയുടെ കണക്കുകൂട്ടല്‍. ഒരു ചെസ് ടൂര്‍ണ്ണമെന്‍റിന് കൂടുതല്‍ മാധ്യമ ശ്രദ്ധ നല്‍കുന്ന ഒരു കാര്യം ഇത്തരം അട്ടമറികളാണ് എന്ന് ഫിഡെയ്‌ക്ക് അറിയാം. ഫിഡെ സിഇഒ എമില്‍ സുടോവ്സ്കിയുടെ നേതൃത്വത്തിലുള്ള ടീം ഫിഡെയിലേക്ക് ലോകചെസ് ആരാധകരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. ചെസ്സിലെ ട്വന്‍റി ട്വന്‍റി എന്ന് അറിയപ്പെടുന്ന റാന്‍ഡം 960 എന്ന പേരില്‍ പ്രചാരം ലഭിയ്‌ക്കുന്ന മാഗ്നസ് കാള്‍സന്റെ നേൃത്വത്തിലുള്ളവരുടെ ടൂര്‍ണ്ണമെന്‍റിനെതിരെ ഇങ്ങിനെയെല്ലാം പിടിച്ചുനില്‍ക്കാന്‍ ശ്രമിയ്‌ക്കുകയാണ് ഫിഡെ. 100 വയസ്സായ ഈ സംഘടനയുടെ പ്രസക്തി റാന്‍ഡം ചെസ് ടൂര്‍ണ്ണമെന്‍റുകളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിയ്‌ക്കുന്ന മാഗ്നസ് കാള്‍സനെതിരെ ഉയിര്‍ത്തെണീഖ്കുകയാണ് രണ്ട് ലോകമഹായുദ്ധങ്ങളെയും നിരവധി പ്രതിസന്ധികളെയും അതിജീവിച്ച ഫിഡെ.
ഈയിടെ ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇത് തന്നെയാണ് സംഭവിച്ചത്. അവിടെ ഒരു പിടി കൗമാരതാരങ്ങള്‍ ഫിഡെയുടെ റാങ്ക് പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നവരെ അട്ടിമറിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ ഒരാള്‍ അമേരിക്കയുടെ 16കാരനായ അഭിമന്യു മിശ്ര ആയിരുന്നു. ലോക ചാമ്പ്യനായ ഗുകേഷിനെ തോല്‍പിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പേരെടുക്കാന്‍ സമര്‍ഖണ്ഡില്‍ അഭിമന്യു മിശ്രയ്‌ക്ക് കഴിഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള 14കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ യാഗിസ് കാന്‍ എര്‍ഡോഗ്മസും ആകര്‍ഷകമായ പ്രകടനമാണ് പുറത്തെടുത്തത്. ഗുകേഷ്, നോഡിര്‍ബെക് അബ്ദുസത്തൊറോവ് എന്നിവരെ സമനിലയില്‍ കുരുക്കിയ എര്‍ഡോഗ്മസിന്റെ പ്രകടനം ‘നിത്യഹരിതം’ എന്നാണ് പരിചയസമ്പന്നരായ ചെസ് വിശകലനവിദഗ്ധര്‍ വിശേഷിപ്പിച്ചത്. മറ്റൊരു അത്ഭുതതാരം തുര്‍ക്കിയില്‍ നിന്നുള്ള എഡിസ് ഗുറെല്‍ ആണ്. 16കാരനായ എഡിസ് ഗുറെലും ഗുകേഷിനെ തോല്പിച്ചെന്ന് മാത്രമല്ല, ഗ്രാന്‍റ് സ്വിസില്‍ 11 റൗണ്ടില്‍ നിന്നും അഞ്ചര പോയിന്‍റും നേടി. പരിചയസമ്പന്നരായ ബോറിസ് ഗെല്‍ഫാന്‍റിനേക്കാളും ലെവോണ്‍ ആരോണിയോനേക്കാളും കൂടുതല്‍ പോയിന്‍റ് നേടി ഈ 16 കാരന്‍. പോളണ്ടില്‍ നിന്നുള്ള 23 കാരനായ സൈമണ്‍ ഗുമുലാഴ്സ് ഫ്രഞ്ച് താരം അലിറെസയെ വരെ സമനിലയില്‍ പിടിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം സമര്‍ഖണ്ഡില്‍ നടത്തി. മറ്റൊരു 28കാരനായ ജര്‍മ്മനിയുടെ മതിയാസ് ബ്ല്യൂബോമിനെ എടുത്തു പറയാതെ വയ്യ. അധികം ഫിഡെ ടൂര്‍ണ്ണമെന്‍റുകളിലൊന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത മതിയാസ് ബ്ല്യൂബോം ഗ്രാന്‍റ് സ്വിസില്‍ കൊടുങ്കാറ്റായി. സാധാരണ ജര്‍മ്മനിയുടെ ലോകതാരമായി വിശേഷിപ്പിക്കുന്ന വിന്‍സെന്‍റ് കെയ്‌മറെപ്പോലും നിഷ്പ്രഭനാക്കി ഗ്രാന്‍റ് സ്വിസില്‍ രണ്ടാം സ്ഥാനവും നേടി ലോക ചെസ് കിരീടജേതാവിനെ വെല്ലുവിളിക്കാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് പ്രവേശനവും നേടി. ഗ്രാന്‍റ് സ്വിസില്‍ ലോക നാലാം നമ്പര്‍ താരമായ പ്രജ്ഞാനന്ദയെയും അഞ്ചാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയെയും മതിയാസ് ബ്ല്യു ബോം തോല്‍പിച്ചിരുന്നു.
ലോകത്തിലെ ആദ്യ 256 റാങ്കുകാരായ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്നു എന്നതാണ് ഗോവയിലെ ഒരു മാസത്തോളം നീളുന്ന വേള്‍ഡ് കപ്പ് ചെസ്സിന്റെ ആകര്‍ഷണം. ഗോവയിലെ ഫിഡെ ലോകകപ്പില്‍ മറ്റൊരു വൈല്‍ഡ് കാര്‍ഡ് പ്രവേശനം നേടിയ ഈ ഇന്ത്യക്കാരിയുടെ പേര് പരാമര്‍ശിക്കാതെ വയ്യ. നാഗ്പൂരില്‍ നിന്നുള്ള ദിവ്യ ദേശ്മുഖ്. വെറും 19 വയസ്സേ ദിവ്യയ്‌ക്കുള്ളൂ. ഈയിടെ സമാപിച്ച ഫിഡെ ഗ്രാന്‍റ് സ്വിസില്‍ പുരുഷ താരങ്ങള്‍ക്കൊപ്പം ഓപ്പണ്‍ വിഭാഗത്തില്‍ പങ്കെടുക്കാന്‍ ധൈര്യം കാട്ടിയ ദിവ്യ ദേശ്മുഖ് മികച്ച പ്രകടനം പുറത്തെടുത്തു. 11 റൗണ്ടുകളില്‍ നിന്നായി രണ്ട് വിജയവും ആറ് സമനിലയും ഉള്‍പ്പെടെ നേടിയ ദിവ്യ ഏറെ പ്രശംസ പിടിച്ചുപറ്റി. അഞ്ച് പോയിന്‍റ് ദിവ്യ നേടി. ഇന്ത്യയുടെ കാര്‍ത്തികേയന്‍ മുരളി, ആര്‍മേനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ലെവോണ്‍ ആരോണിയന്‍, ഇസ്രായേല്‍ ഗ്രാന്‍റ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍റ്, റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ അലെക്സാണ്ടര്‍ ഗ്രിസ് ചുക് എന്നിവരേക്കാള്‍ കൂടുതല്‍ പോയിന്‍റ് ദിവ്യ നേടിയെന്നത് നിസ്സാരനേട്ടമല്ലെന്നോര്‍ക്കണം. ദിവ്യയേക്കാള്‍ ലോക റാങ്കിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ഈ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. മാത്രമല്ല ആഫ്രിക്കയിലെ ഒന്നാം നമ്പര്‍ താരമായ ബാസെം അമിനെ ദിവ്യ അട്ടിമറിച്ചത് ആഗോള മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. പുരുഷവിഭാഗം ലോക ചെസ് കിരീട ജേതാവായ. ഇന്ത്യയുടെ ഗുകേഷുമായി ദിവ്യ സമനില പിടിക്കുകയും ചെയ്തു. ദിവ്യ ദുര്‍ബലയായ ചെസ് താരമല്ല. ഈയിടെ വനിതകളുടെ ഫിഡെ ലോകകപ്പ് ചെസ്സില്‍ ചാമ്പ്യനായ താരമാണ്.
ഒക്ടോബര്‍ 30 മുതല്‍ നവമ്പര്‍ 27 വരെയാണ് ഗോവ ഫിഡെ വേള്‍ഡ് കപ്പ് 2025 നടക്കുക. രണ്ട് ദശകത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഫിഡെ ലോകകപ്പ് എത്തുന്നത്. എന്തായാലും ഗോവയിലെ ഫിഡെ ലോക ചെസ് അട്ടിമറികളുടെ കൂടി ചെസ് യുദ്ധമായി മാറട്ടെ.









