
സെന്‍റ് ലൂയിസ് ചെസ് ക്ലബ് (ന്യൂയോര്‍ക്ക്): ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും റഷ്യയുടെ ഗാരികാസ്പറോവും തമ്മില്‍ പ്രത്യേകമായ ഒരു ചെസ് യുദ്ധം സംഘടിപ്പിച്ചിരിക്കുകയാണ് ഫിഡെ. അമേരിക്കയിലെ പുതുക്കിപ്പണിത 30000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബില്‍ നടക്കുന്ന ഈ മത്സരം ലോകമാകെ ഉറ്റുനോക്കുകയാണ്. ഒക്ടോബര്‍ 7 മുതല്‍ 11വരെയാണ് മത്സരം. റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ അതിവേഗ ചെസ് പോരാട്ടങ്ങളുടെ സമയനിഷ്ഠയായിരിക്കും ഈ ടൂര്‍ണ്ണമെന്‍റിലെ ഗെയിമുകള്‍ക്ക്. ആകെ 12 മത്സരങ്ങളാണ് ഇരുവരും തമ്മില്‍ നടക്കുക.
ആരാണ് ഗാരി കാസ്പറോവ് എന്ന് ഇന്നത്തെ തലമുറയ്‌ക്കറിയില്ല. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനെന്ന പദവി 1985-ൽ തന്റെ 22-ാമത്തെ വയസ്സിൽ നേടിയ ചെസ് താരമാണ് ഗാരി കാസ്പറോവ്. (ഇപ്പോള്‍ അത് ഇന്ത്യയുടെ ഗുകേഷിന്റെ പേരിലാണ് ഈ റെക്കോഡ്. ഗുകേഷ് 19ാം വയസ്സില്‍ ലോക ചാമ്പ്യനായി). 1985 മുതല്‍ 2000 വരെ തുടര്‍ച്ചയായി ലോക ചാമ്പ്യന്‍ പട്ടം ചൂടിയ താരം കൂടിയാണ് കാസ്പറോവ്.
1990 ജനവരിയില്‍ തന്നെ 2800 എന്ന ഇഎല്‍ഒ റേറ്റിംഗ് നേടിയ താരമാണ് ഗാരി കാസ്പറോവ്. ചെസില്‍ ഇത് മഹാത്ഭുതമാണ്. ഈ 2025ലും 2800 എന്ന ഇഎല്‍ഒ റേറ്റിംഗ് ഉള്ള നാല് താരങ്ങളേയുള്ളൂ. മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന, ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍.
1984ല്‍ തന്നെ ലോക ചെസ് ചാമ്പ്യനായ അനറ്റോലി കാര്‍പോവിനെ കാസ്പറോവ് ലോക ചെസ് കിരീടത്തിനായി വെല്ലുവിളിച്ചു. അന്ന് ലോകമാധ്യമങ്ങള്‍ മുഴുവന്‍ കൊട്ടിഘോഷിച്ച മത്സരമായിരുന്നു അനറ്റോലി കാര്‍പോവ്- ഗാരി കാസ്പറോവ് പോരാട്ടം. ഈ ലോക ചെസ് കിരീടപ്പോരില്‍ ആദ്യ നാല് കളികള്‍ കാര്‍പോവ് വിജയിച്ചു. പക്ഷെ പിന്നീട് തുടര്‍ച്ചയായി സമനിലകള്‍ പിടിച്ച് കടുത്ത പ്രതിരോധമുയര്‍ത്തി കാസ്പറോവ് പിടിച്ചു നിന്നു. അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് ഗെയിമുകളില്‍ കാസ്പറോവ് വിജയിച്ചു. ഇതോടെ കാര്‍പോവ് എന്ന ലോകചാമ്പ്യന്‍ പതറി തുടങ്ങിയിരുന്നു.
തുടര്‍ച്ചയായി കാസ്പറോവ് സമനില പിടിച്ചതോടെ കാര്‍പോവ് സമ്മര്‍ദ്ദത്തിലായി. വെറും 22 കാരനോട് തോല്‍ക്കുന്നത് കാര്‍പോവിനെപ്പോലുള്ള ഒരു വിശ്വപ്രസിദ്ധ ചെസ് താരത്തിന് ആലോചിക്കാന്‍ കഴിയില്ലായിരുന്നു. ആദ്യ നാല് കളികളില്‍ കാര്‍പോവ് വിജയിച്ചു, തുടര്‍ന്ന് 41 സമനിലകള്‍, അതിന് ശേഷം മൂന്ന് ഗെയിമുകളില്‍ കാസ്പറോവിന് വിജയം….അതായത് തുടര്‍ച്ചയായി 48 ഗെയിമുകള്‍….അപ്പോഴേക്കും കാര്‍പോവ് തളര്‍ന്നു തുടങ്ങിയിരുന്നു. ഇനിയും മത്സരം തുടര്‍ന്നാല്‍ താന്‍ തോറ്റുപോകുമോ എന്ന് കാര്‍പോവ് ഭയന്നു. ഇതോടെ ടൂര്‍ണ്ണമെന്‍റിന്റെ സംഘാടകരായ ഫിഡെയും കാര്‍പോവിന്റെ സഹായത്തിനെത്തി. 48ാമത്തെ ഗെയിം എത്തിയപ്പോള്‍ സംഘാടകര്‍ തന്നെ മത്സരം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങിനെ അത്തവണത്തെ ലോക ചെസ് കിരീടപ്പോര് റദ്ദാക്കി. പക്ഷെ പിന്നീട് തൊട്ടടുത്ത വര്‍ഷം 1985ല്‍ വീണ്ടും കാസ്പറോവും കാര്‍പോവും ലോക ചെസ് കിരീടത്തിനായി ഏറ്റുമുട്ടി. ഇക്കുറി 24 ഗെയിമുകള്‍ ഉള്‍പ്പെടുന്ന മത്സരമായിരുന്നു. ഇതില്‍ കാസ്പറോവ് വിജയിച്ചു. കിരീടം നേടി, ലോക ചെസ് ചാമ്പ്യനായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി കാസ്പറോവ്.
കാര്‍പോവിനെ വീഴ്‌ത്താന്‍ ഗാരി കാസ്പറോവിന് കരുത്ത് നല്‍കിയത് ആരെന്നോ? മിഖായേല്‍ ബോട് വിനിക് എന്ന മുന്‍ ലോക ചെസ് ചാമ്പ്യന്‍. 1948 മുതല്‍ 1957 വരെയും 1958 മുതല്‍ 1960 വരെയും 1961 മുതല്‍ 1963 വരെയും ലോക ചെസ് ചാമ്പ്യനായ മിഖായേല്‍ ബോട് വിനികിന്റെ കീഴിലാണ് ഗാരി കാസ്പറോവ് ചെസ് പരിശീലിച്ചത്. ഏപ്രിൽ 13 1963ന് പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. അതായത് ഇപ്പോള്‍ 62 വയസ്സ് കഴിഞ്ഞു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.
കാസ്പറോവ് കമ്പ്യൂട്ടറിനോട് ഏറ്റുമുട്ടിയപ്പോള്‍
ലോക ചാമ്പ്യനായിരിക്കെ, ഐബിഎം എന്ന കംപ്യൂട്ടര്‍ കമ്പനി രൂപകല്‍പന ചെയ്ത ”’ഡീപ് ബ്ലു”’ എന്ന സൂപ്പര്‍ കംപ്യൂട്ടറുമായി ഗാരികാസ്പറോവ് നടത്തിയ പോരാട്ടം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 11996ല്‍ നടന്ന ആറ് ഗെയിമുകള്‍ നീണ്ട പോരാട്ടത്തില്‍ കാസ്പറോവ് കംപ്യൂട്ടറായ ഡീപ് ബ്ലൂവിനെ 4-2ന് തോല്പിച്ചു. പക്ഷെ തൊട്ടടുത്ത വര്‍ഷം, 1997ല്‍ നടന്ന മത്സരത്തില്‍ ഡീപ് ബ്ലൂ കാസ്പറോവിനെ തോല്‍പിക്കുകയായിരുന്നു. 3.5-2.5 എന്ന സ്കോറിനായിരുന്നു ഡീപ് ബ്ലൂവിന്റെ ജയം. ഇതേക്കുറിച്ച് പിന്നീട് ഒരു ഹോളിവുഡ് സിനിമ പുറത്തിറങ്ങി. ‘ഗെയിം ഓവര്‍: കാസ്പറോവ് ആന്‍റ് ദ മെഷീന്‍’ എന്ന ഹോളിവുഡ് സിനിമ വിഖ്യാതാണ്.
കാസ്പറോവ് എന്ന റിബല്‍
കാസ്പറോവിനുള്ളില്‍ ഒരു റിബല്‍ ഒളിഞ്ഞിരിപ്പുണ്ട്. ഫിഡെ എന്ന ആഗോള ചെസ് ഫെഡറേഷനുമായി അദ്ദേഹം പല രീതിയില്‍ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇതാണ് 1986 ന്റെ തുടക്കത്തിൽ കാസ്പറോവ് സ്വന്തമായി ഒരു ചെസ് സംഘടന രൂപീകരിക്കുന്നതില്‍ എത്തിയത്. ഗ്രാൻഡ് മാസ്റ്റേഴ്സ് അസ്സോസ്സിയേഷൻ(GMA) എന്ന പേരിലായിരുന്നു ഈ സംഘടന. ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇരുന്നാണ് ജിഎംഎ രൂപീകരിച്ചത്. ചെസില്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും അധികാരവും വേണമെന്നാവശ്യപ്പെട്ടാണ് ഈ സംഘടന രൂപീകരിച്ചത്. ഇതിന്റെ പേരില്‍ കാസ്പറോവ് ഫിഡെയുടെ അപ്രീതിയ്‌ക്കു പാത്രമായി. സമാന്തരമായി ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നതിനും, മത്സരങ്ങൾക്കു നേതൃത്വം നൽകുന്നതിനും കാസ്പറോവിന്റെ സംഘടന മുന്‍കയ്യെടുത്തതോടെ ഈ ശത്രുത വര്‍ധിച്ചു.
പിന്നീട് നൈജേല്‍ ഷോര്‍ട്ട് എന്ന ഇംഗ്ലീഷ് ചെസ് ചാമ്പ്യനുമായി ചേര്‍ന്ന് പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍ (പിസിഎ) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഫിഡെയില്‍ അഴിമതി നിറഞ്ഞിരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പിസിഎയുടെ രൂപീകരണം. ഫിഡേയുടെ ലോകചെസ് ചാമ്പ്യന്‍ ഷിപ്പിന് സമാന്തരമായി പിസിഎയും ഒരു ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ഇതില്‍ കാസ്പറോവ് ചാമ്പ്യനായി. പിന്നീട് 1995ല്‍ വീണ്ടും പിസിഎ ലോകചാമ്പ്യന്‍ഷിപ്പ് നടത്തി. ഇതില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദുമായാണ് ഗാരി കാസ്പറോവ് ഏറ്റുമുട്ടിയത്. 20 ഗെയിമുകളുള്ള ഈ ലോകചെസ് കിരീടപ്പോരില്‍ 18 ഗെയിം കഴിഞ്ഞപ്പോള്‍ ഗാരി കാസ്പറോവ് വിജയിച്ചു. അധികം താമസിയാതെ തന്നെ കാസ്പറോവിനെയും, ബ്രിട്ടീഷ് ഗ്രാൻഡ് മാസ്റ്റർ നീജൽ ഷോർട്ടിനെയും ഫിഡെയിൽ നിന്നു പുറത്താക്കുന്നതില്‍ ഇത് കലാശിച്ചു.
കാസ്പറോവിന് അനുഗ്രഹമായത് പഴയ സോവിയറ്റ് യൂണിയന്‍
റഷ്യ കൂടി ഉള്‍പ്പെടുന്ന പഴയ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നായിരുന്നു ചെസ്. സോവിയറ്റ് യൂണിയന്റെ ദേശീയാഭിമാനത്തിന്റെ പ്രതീകം കൂടിയാണ് ചെസ്. ബുദ്ധിപരമായ ഒരു കളിയായി ചെസ്സിനെ ഗൗരവത്തോടെ റഷ്യക്കാര്‍ കണ്ടു. ചെസ്സിനെ പ്രോത്സാഹിപ്പിക്കാന്‍ യുഎസ്എസ്ആര്‍ എന്ന റഷ്യ ഉള്‍പ്പെടുന്ന വലിയ രാജ്യം പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതിന് ഗുണമുണ്ടായി. നിരവധി വര്‍ഷങ്ങളോളം ലോകചെസ്സില്‍ റഷ്യ ആധിപത്യം പുലര്‍ത്തി. ശരിക്കു പറഞ്ഞാല്‍ 1948 മുതല്‍ 1991ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടുന്നത് വരെ ചെസ് ഒളിമ്പ്യാഡില്‍ റഷ്യ ആധിപത്യം പുലര്‍ത്തി. തുടര്‍ച്ചയായി റഷ്യ ലോക ചെസ് ചാമ്പ്യന്‍മാരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. റഷ്യ സംഭാവന ചെയ്ത ലോകചാമ്പ്യന്മാര്‍ ലോകത്തിലെ എക്കാലത്തെയും അവിസ്മരണീയ താരങ്ങളാണ്. മിഖായേല്‍ ബോട് വിനിക് 1948ല്‍ ലോകചാമ്പ്യനായതു മുതല്‍ റഷ്യയുടെ ചെസ്സിലെ ആധിപത്യം തുടങ്ങി. 1948 മുതല്‍ 1957 വരെയും 1958 മുതല്‍ 1960 വരെയും 1961 മുതല്‍ 1963 വരെയും ബോട് വിനിക് ലോക ചാമ്പ്യനായി. മൊത്തം എണ്ണിയാല്‍ 13 തവണ ഇദ്ദേഹം ലോകചാമ്പ്യനായി. 1957ല്‍ വാസിലി സ്മിസ്ലോവ് ലോക ചാമ്പ്യനായി. 1969 മുതല്‍ 1972 വരെ ബോറിസ് സ്പാസ്കി ചാമ്പ്യനായി തുടര്‍ന്നു. 1975 മുതല്‍ 1985 വരെ അനറ്റോലി കാര്‍പോവ് ലോകചാമ്പ്യനായി. 1985ല്‍ കാര്‍പോവിനെ തോല്‍പിച്ച് ചാമ്പ്യനായ കാസ്പറോവ് 2000 വരെ ചെസിലെ അനിഷേധ്യ ലോക ചാമ്പ്യനായി തുടര്‍ന്നു. പിന്നീടങ്ങോട്ട് റഷ്യയില്‍ ചെസ് ക്ഷയിക്കാന്‍ തുടങ്ങി. 1991ല്‍ ചെസിന് നല്‍കിയിരുന്ന ധനസഹായം സോവിയറ്റ് യൂണിയന്‍ സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഇതോടെ പ്രതിഭകളെ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഇല്ലാതായി.









