
ലിസ്ബന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോളടിച്ച് റിക്കാര്‍ഡിട്ടിട്ടും പോര്‍ച്ചുഗലിന്റെ ലോകകപ്പ്് യോഗ്യതാ പ്രവേശനത്തിന് കാത്തിരിപ്പ്. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഹംഗറിയോട് സമനില പാലിച്ചതാണ് അവരുടെ ലോകകപ്പ് ടിക്കറ്റ് വൈകാന്‍ കാരണമായത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഗ്രൂപ്പില്‍ ഇനി രണ്ട് കളികള്‍ കൂടി ബാക്കിയുണ്ട്. ഈ രണ്ട് കളികളില്‍ നിന്ന് രണ്ട് പോയിന്റ് കൂടി നേടിയാല്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് തുടര്‍ച്ചയായ ഏഴാം തവണയും ലോകകപ്പില്‍ പന്തുതട്ടാനിറങ്ങാം. നിലവില്‍ നാല് കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്. രണ്ടാമതുള്ള ഹംഗറിക്ക് അഞ്ച് പോയിന്റും. നാല് പോയിന്റുള്ള അയര്‍ലന്‍ഡും മൂന്ന് പോയിന്റുള്ള അര്‍മേനിയയുമാണ് ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്ത്. ഹംഗറിയടക്കമുള്ള മറ്റ് ടീമുകള്‍ക്ക് ലോകകപ്പില്‍ കളിക്കുക എന്നത് വിദൂര സാധ്യത മാത്രമാണുള്ളത്.
ആദ്യം പിന്നിലാവുകയും പിന്നീട് മുന്നിലെത്തുകയും ചെയ്തശേഷമാണ് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയത്. ഹംഗറിക്കെതിരായ കളിയില്‍ 22-ാം മിനിറ്റിലും ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റിലുമാണ് ക്രിസ്റ്റ്യാനോ ഗോളടിച്ചത്. 91-ാം മിനിറ്റില്‍ ഡൊമിനിക് സ്‌ബോസ്ലായുടെ ഗോളാണ് ഹംഗറിക്ക് സമനില നേടിക്കൊടുത്തത്. എട്ടാം മിനിറ്റില്‍ അറ്റില സലായുടെ ഗോളിലാണ് ഹംഗറി ആദ്യം മുന്നിലെത്തിയത്.
ഹംഗറിക്കെതിരെ രണ്ട് ഗോളടിച്ചതോടെ ക്രിസ്റ്റിയാനോ ഒരു റിക്കാര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റിക്കാര്‍ഡാണ് ക്രിസ്റ്റ്യാാനോ സ്വന്തം പേരിലാക്കിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് നിലവില്‍ 40 ഗോളുകളുണ്ട്. 39 ഗോളുകള്‍ നേടിയിട്ടുള്ള ഗ്വാട്ടിമാലയുടെ കാര്‍ലോസ് റുയിസിനെയാണ് റൊണാള്‍ഡോ പിന്തള്ളിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് 1-0ന് അര്‍മേനിയയെ തോല്‍പ്പിച്ചു. നവംബര്‍ 13ന് നടക്കുന്ന അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
സൗദിയും ലോകകപ്പിന്
 ജിദ്ദ: ലോകകപ്പ് ഫുട്‌ബോളിലേക്ക് ടിക്കറ്റെടുത്ത് സൗദി അറേബ്യയും. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലേക്കാണ് അവര്‍ യോഗ്യത നേടിയത്. ഇറാഖിനെ പി്ന്തള്ളിയാണ് സൗദി ലോകകപ്പിനെത്തുന്നത്.
ജിദ്ദയില്‍ നടന്ന ഏഷ്യന്‍ യോഗ്യതയുടെ നാലാം റൗണ്ടിലെ ജീവന്മരണപോരാട്ടത്തില്‍ സൗദിയും ഇറാഖും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യം സൗദിയെ തുണച്ചു. സൗദി രണ്ട് കളികളില്‍ നിന്ന് മൂന്ന് ഗോളടിച്ചപ്പോള്‍ ഇറാഖ് ഒരെണ്ണമാണ് നേടിയത്. സൗദി രണ്ട് ഗോള്‍ വഴങ്ങിയപ്പോള്‍ ഇറാഖ് ഒരു ഗോളും വഴങ്ങിയില്ല. എന്നാല്‍ രണ്ട് കളികളില്‍ കൂടുതല്‍ ഗോളടിച്ചത് സൗദിയാണെന്നത് അവരെ ലോകകപ്പിനെത്തിച്ചു.
ഇസ്രയേലിന്റെ സ്വപ്നം പൊലിഞ്ഞു
 റോം: ഇസ്രയേലിന്റെ ലോകകപ്പ് യോഗ്യതാ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഇറ്റലിയോട് 3-0ന് തോറ്റതോടെയാണ് അവരുടെ ലോകകപ്പ് സ്വപ്‌നം തകര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ നോര്‍വേയോടും 5-0ന് ഇസ്രയേല്‍ തോറ്റിരുന്നു.
 ആദ്യപകുതി പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ മാറ്റിയോ റെറ്റഗ്വി പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടാണ് ഇറ്റലിയുടെ ഗോളടിക്ക് തുടക്കമിട്ടത്. ഈ ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്നു. 74-ാം മിനിറ്റില്‍ റെറ്റഗ്വി രണ്ടാമത്തെ ഗോളും കണ്ടെത്തി. പിന്നീട് 93-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക മാന്‍സിനിയും ലക്ഷ്യം കണ്ടതോടെ ഇറ്റലിയുടെ ഗോളടി പൂര്‍ണമായി. വിജയത്തോടെ അറ് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഗ്രൂപ് ഐയില്‍ രണ്ടാമതാണ് ഇറ്റലി. 18 പോയിന്റുള്ള നോര്‍വെയാണ് ഒന്നാമത്.
 
  
 
 
  
 







