
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് വിരുന്നിനെത്തിയ മലപ്പുറം എഫ്സിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്സി സെമിയിലേക്ക് കുതിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാലിക്കറ്റ് എഫ്സിയുടെ വിജയം. ജോനാഥന്‍ പെരേര, മുഹമ്മദ് അജ്സല്‍, ഫെഡറിക്കോ ബുവാസോ എന്നിവര്‍ കാലിക്കറ്റിനായി സ്‌കോര്‍ ചെയ്തപ്പോള്‍ മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ എയ്തോര്‍ അല്‍ഡലിറിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
കളിയുടെ 54-ാം മിനിറ്റില്‍ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു പുറത്തുപോയി. ഇതോടെ പത്തുപേരുമായാണ് മലപ്പുറം പിന്നീട് കളിച്ചത്. എട്ട് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്. 34173 കാണികള്‍ ഇന്നലെ മത്സരം കാണാന്‍ ഗ്യാലറിയിലെത്തി.
കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റവുമായാണ് കാലിക്കറ്റ് എഫ്സി ഇറങ്ങിയത്. നായകന്‍ പ്രശാന്ത് ആദ്യ ഇലവനില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ സൈഡ് ബെഞ്ചിലേക്ക് മാറി. മലപ്പുറം എഫ്സി ഗോളി ഉള്‍പ്പെടെ ആറ് മാറ്റങ്ങളാണ് വരുത്തിയത്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ മുഹമ്മദ് അസ്ഹറിന് പകരം മുഹമ്മദ് ജസീന്‍ എത്തി. അവരുടെ ഗോളടിക്കാരന്‍ ജോണ്‍ കെന്നഡി, അഭിജിത്ത്, ഐറ്റര്‍, അഖില്‍ പ്രവീണ്‍ കുമാര്‍, ടോണി എന്നിവര്‍ക്ക് പകരം റോയ് കൃഷ്ണ, നിതിന്‍ മധു, ജിതിന്‍ പ്രകാശ്, മുഹമ്മദ് ഇര്‍ഷാദ്, ഗാനി നിഗം എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.
കാലിക്കറ്റിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ കാലിക്കറ്റ് ഗോളിനടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പിഴച്ചു. 12-ാം മിനിറ്റില്‍ കാലിക്കറ്റ് മുന്നിലെത്തി. ഏകദേശം 35 വാര അകലെ നിന്ന് ജോനാഥന്‍ പെരേര തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര്‍ മുഴുനീളെ പറന്ന മലപ്പുറം എഫ്സി ഗോളി മുഹമ്മദ് ജസീനെ നിഷ്പ്രഭമാക്കി വലയില്‍ തറച്ചു കയറി. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഏറ്റവും മികച്ച ഗോള്‍. 16-ാം മിനിറ്റില്‍ മലപ്പുറത്തിന് ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അബ്ദലെയുടെ കിക്ക് ബോക്സിലേക്ക് താഴ്ന്നിന്നിറങ്ങിയെങ്കിലും സഹതാരങ്ങള്‍ക്ക് ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് ഇരു ഭാഗത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ഒരു ഗോളവസരം വന്നത് 40-ാം മിനിറ്റിലാണ്. മുഹമ്മദ് ആസിഫ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത നല്ലൊരു ഷോട്ട് മലപ്പുറം ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. അഞ്ച് മിനിറ്റിനു ശേഷം ലഭിച്ച ഫ്രീ കിക്കും മുതലാക്കാന്‍ കാലിക്കറ്റിന് കഴിഞ്ഞില്ല. ഇതോടെ 1-0 ന്റെ ലീഡുമായി കാലിക്കറ്റ് ഇടവേളയ്‌ക്കു കയറി. ആദ്യ പകുതിയില്‍ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം, എല്‍ ഫോര്‍സി, ഇര്‍ഷാദ് എന്നിവര്‍ക്കും കാലിക്കറ്റിന്റെ ജോനാഥന്‍ പെരേരക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലപ്പുറം ഇഷാന്‍ പണ്ഡിത, എയ്തോര്‍ അല്‍ഡലിര്‍ എന്നിവരെ കൊണ്ടുവന്നു. അന്‍പത്തിനാലാം മിനിറ്റില്‍ റോഷലിനെ ഫൗള്‍ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും വാങ്ങി കളം വിട്ടു. ഇതോടെ പത്തുപേരായി അവര്‍ ചുരുങ്ങി. അറുപതാം മിനിറ്റില്‍ എല്‍ ഫോര്‍സിയുടെ ഗോളുറച്ച പാസ് ഇഷാന്‍ പണ്ഡിത അടിച്ചത് കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുണ്‍ കുമാര്‍ എന്നിവരെ ഇറക്കി. എണ്‍പതാം മിനിറ്റില്‍ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകന്‍ എയ്തോര്‍ അല്‍ഡലിര്‍. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്സലിന്റെ ഹെഡ്ഡര്‍ കാലിക്കറ്റിന് വീണ്ടും ലീഡ് നല്‍കി (21). ലീഗില്‍ അജ്സല്‍ ആറ് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോള്‍ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (31).
മഞ്ചേരിയില്‍ നടന്ന ആദ്യപാദത്തില്‍ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.









