
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടാനുള്ള സാധ്യത അവശേഷിച്ച് ഗോഹട്ടി ടെസ്റ്റിന്റെ നാലാം ദിനം ഭാരതം അവസാനിപ്പിച്ചു. 549 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടരുന്ന ഭാരതം നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയാണ്. ഒരു ദിവസവും എട്ടു വിക്കറ്റും അവശേഷിക്കേ ഭാരതത്തിന് ജയിക്കാന്‍ 522 റണ്‍സ് കൂടി വേണം. അതെന്തായാലും അസാധ്യമെന്നിരിക്കേ എങ്ങനെയെങ്കിലും സമനില നേടുക എന്നതാവും ഭാരതത്തിന്റെ ലക്ഷ്യം. രണ്ട് റണ്‍സുമായി സായി സുദര്‍ശനും നാല് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസില്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് 21 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. 13 റണ്‍സെടുത്ത് യശസ്വി ജയ്സ്വാളും ആറ് റണ്‍സെടുത്ത് കെ എല്‍ രാഹുലുമാണ് പുറത്തായത്. ജയ്സ്വാളിനെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍, അത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാകും. നാട്ടില്‍ 12 വര്‍ഷത്തിനു ശേഷമാണ് ഭാരതം ഒരു ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയപ്പെടുന്നത്. മാത്രമുവല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ഉറപ്പിക്കുകയും ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ 12 പോയിന്റ് ഉറപ്പിക്കുക, പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളുമായാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെടാതെ 26 എന്ന നിലയിലാണ് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ 500നു മുകളിലേക്കുള്ള ലീഡ് ലക്ഷ്യംവച്ചു. അത് സ്വന്തമാക്കുകയും ചെയ്തു. വണ്‍ ഡൗണായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ ചിറകില്‍ കുതിച്ച ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 180 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 94 റണ്‍സ് നേടിയ സ്റ്റബ്സിന് നിര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നഷ്ടമായി. ടോണി ഡെ സോര്‍സി 49 ഉം വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ 35 റണ്‍സും നേടി. ഭാരതത്തിനായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജാന്‍സന്റെ പന്തില്‍ വെറെയ്നെ പിടിച്ചു. ഹാര്‍മറുടെ പന്തില്‍ ബൗള്‍ഡായാണ് രാഹുല്‍ അഞ്ച് റണ്‍സുമായി പുറത്തേക്കു നടന്നു നീങ്ങിയത്.
സിറാജിന് പരിക്ക്
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ പേസര്‍ മുഹമ്മദ് സിറാജിന് പരിക്ക്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സിറാജ് പിന്നീട് ഗ്രൗണ്ട് വിട്ടു. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് സ്‌ക്വയര്‍ ലെഗ് ബൗണ്ടറി നേടുന്നത് തടയാന്‍ ശ്രമിച്ചതിനിടെയാണ് സിറാജിന് പരിക്കേറ്റത്. സിറാജിന് പകരം ദേവ്ദത്ത് പടിക്കലാണ് ഫീല്‍ഡിങ്ങിനിറങ്ങിയത്. എന്നാല്‍ 78-ാം ഓവറില്‍ സിറാജ് തിരികെയെത്തുകയും സ്റ്റബിസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു.









