
മുംബൈ: ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര‍്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക‍്യാപ്റ്റൻ. സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലിനെയും ജിതേഷ് ശർമയെയും ടീമിലുൾപ്പെടുത്തിയിട്ടില്ല.
ഇന്ത‍്യയ്‌ക്കു വേണ്ടി ഓപ്പണിങ് ബാറ്ററായി കളിച്ചുകൊണ്ടിരുന്ന ഗിൽ ഫോം വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയെയും ഒഴിവാക്കി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ചേർന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ഗില്ലിന് പരകരക്കാരനായി ഓപ്പണറായി എത്തിയ സഞ്ജു 22 പന്തിൽ നിന്ന് 37 റൺസെടുത്തിരുന്നു. ലോകകപ്പ് ടീമിൽ ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജുവിനെ തന്നെയാകും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുക. ഒരിടവേളയ്‌ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഗിൽ 15 മത്സരങ്ങളിൽ നിന്നും 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് നേടിയത്. അതേസമയം, സഞ്ജു സാംസൺ അവസാന 12 ടി20 മത്സരങ്ങളിൽ നിന്നും മൂന്നു സെഞ്ചുറിയുൾപ്പടെ 417 റൺസ് നേടിയിരുന്നു.
ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരടങ്ങുന്ന മികവുറ്റ താരങ്ങൾ ഇന്ത‍്യയ്‌ക്കു വേണ്ടി പന്തെറിയും.









