
ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയം നേടിക്കൊണ്ട് ആഴ്‌സണല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് ആഴ്‌സണല്‍ മറികടന്നിരിക്കുന്നത്. എവര്‍ട്ടണിനെ അവരുടെ തട്ടകത്തില്‍ 1-0ന് തോല്‍പ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആഴ്‌സണല്‍ വിക്ടര്‍ ഗ്യോക്കെറസ് ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തെ തുടര്‍ന്ന് ആഴ്‌സണലിന് 39 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 37 പോയിന്റാണ്. ഇതുവരെ 17 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 വിജയമാണ് ആഴ്‌സണലിന് ലഭിച്ചിരിക്കുന്നത്. രണ്ടെണ്ണത്തില്‍ പാരജയപ്പെട്ടു. സിറ്റിയും 12 വിജയം നേടിയെങ്കിലും നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളിലായി ആഴ്‌സണല്‍ തുടര്‍ച്ചയായി ബോക്‌സി ഡേ മത്സരത്തിന് മുമ്പ് പട്ടികയില്‍ മുന്നിലെത്തുന്നത് പതിവാണ്. എന്നാല്‍ സീസന്റെ രണ്ടാം ഘട്ടത്തില്‍ ടീം കൂടുതല്‍ തോല്‍വികള്‍ വഴങ്ങി രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ ഇടിയാറുണ്ട്.
പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 4-1ന് തകര്‍ത്തു. സ്വന്തം തട്ടകത്തിലാണ് ലീഡ്‌സ് ക്രിസ്റ്റല്‍ പാലസിനെതിരെ വമ്പന്‍ അട്ടിമറി നടത്തിയത്.









