
മൗണ്ട് മോന്‍ഗനായി(ന്യൂസിലന്‍ഡ്): വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയുടെയും സെഞ്ച്വറി നേടിയ ടോം ലാഥത്തിന്റെയും മികവില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. 367 പന്തില്‍ 31 ബൗണ്ടറികളടക്കം 227 റണ്‍സാണ് കോണ്‍വെ നേടിയത്. ക്യാപ്റ്റന്‍ ലാതം 15 ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 137 റണ്‍സെടുത്തു. രചിന്‍ രവീന്ദ്ര പുറത്താകാതെ 72 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനായി ജെയ്ഡന്‍ സീല്‍സ്, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ രണട്് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസും അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ വിന്‍ഡീസ് 110 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി ജോണ്‍ കാംപെലും 55 റണ്‍സുമായി ബ്രണ്ടന്‍ കിങ്ങുമാണ് ക്രീസില്‍. ഈ മത്സരം സമനിലയാകുകയോ ജയിക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമാക്കാം.









