
ലണ്ടന്‍: കരബാവോ കപ്പ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ചാണ് ആഴ്‌സണലിന്റെ മുന്നേറ്റം.
നിശ്ചിത സമയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നുള്ള പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് അവസരങ്ങളും വലയിലെത്തിച്ച് തുല്യ നിലയിലായി. സഡന്‍ ഡെത്തില്‍ 8-7നായിരുന്നു ആഴ്‌സണല്‍ വിജയം. സഡന്‍ ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിന്റെ എട്ടാം കിക്ക് എടുക്കാനെത്തിയ ക്രിസ്റ്റല്‍ പാലസിന്റെ മക്‌സെന്‍സ് ലക്രോയിക്‌സ് തൊടുത്ത ഷോട്ട് ആഴ്‌സണല്‍ ഗോളി കെപ തടുത്തിട്ടു രക്ഷകനായി. ആഴ്‌സണല്‍ സെമി ഉറപ്പിച്ചു.
മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പൂലര്‍ത്തിയ ആഴ്‌സണല്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ ഒന്നുപോലും ഗോളാക്കി മാറ്റാന്‍ കഴിയാതെ ഉഴറി. 80-ാം മിനിറ്റില്‍ വീണുകിട്ടിയ ഏക ഗോള്‍ കൊര്‍ണര്‍ കിക്കില്‍ നിന്നുള്ള കൂട്ടപൊരിച്ചിലിലെ ദാനഗോളുമായിരുന്നു. മത്സരം ഇന്‍ജുറി ടൈമിലേക്ക് നീണ്ടപ്പോഴായിരുന്നു കിട്ടിയ ഏക അവസരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഗോള്‍ നേടിയത്. 90+5-ാം മിനിറ്റില്‍ മാര്‍ക് ഗുവേഹി ആണ് ഗോളടിച്ചത്.
സെമിയില്‍ ചെല്‍സി ആണ് ആഴ്‌സണലിന്റെ എതിരാളികള്‍. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിയിലെ ആദ്യ മത്സരം ജനുവരിയിലാണ്. മറ്റൊരു സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും.









