
മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. സൈഡ്‌ലൈന്‍ ഇന്‍ജുറിയെ തുടര്‍ന്ന് ടീം വിടുകയാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അറിയിച്ചു. പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആര്‍ച്ചറെ കൂടി നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണ്.
ഫെബ്രുവരിയില്‍ ഭാരതത്തിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി സജ്ജമാകാനാണ് ആര്‍ച്ചറിന് വിശ്രമം അനുവദിക്കുന്നതെന്നും സൂചനകളുണ്ട്. പരിക്ക് കാരണം വിശ്രമത്തിലായിരുന്ന ആര്‍ച്ചര്‍ നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ജൂലൈയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. ഓസ്‌ട്രേലിയ പരമ്പര ഉറപ്പിച്ച അഡ്‌ലെയ്ഡ് ടെസ്റ്റിലും ആര്‍ച്ചര്‍ മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ആര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ചു. കരിയറിലെ ആദ്യ ആര്‍ദ്ധ സെഞ്ചുറിയായിരുന്നു അത്. പരിക്കിന്റെ പ്രശ്‌നങ്ങളുള്ളതിനാലാണ് രണ്ടാം ഇന്നിങ്‌സില്‍ ആര്‍ച്ചര്‍ 12.4 ഓവര്‍ മാത്രം എറിഞ്ഞ് നിര്‍ത്തിയത്.
നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആര്‍ച്ചറിനൊപ്പം മറ്റൊരു ഇംഗ്ലണ്ട് താരം ഒല്ലീ പോപ്പും കളിക്കില്ല. ഇരുവര്‍ക്കും പകരമായി ജേക്കബ് ബെതലിനെയും ഗുസ് അറ്റ്കിന്‍സണിനെയും ഉള്‍പ്പെടുത്തി.









