
ദോഹ: ലോകറാപ്പിഡ് ചെസില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി കുതിയ്‌ക്കുന്നു. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ ഇനി മൂന്ന് റൗണ്ട് മാത്രം ബാക്കി നില്‍ക്കെ കൊനേരു ഹംപി ആറര പോയിന്‍റ് നേടി മുന്നില്‍ നില്‍ക്കുകയാണ്.
ഹംപിയുടെ ആക്രമണങ്ങളെ ശാന്തതയോടെ നേരിടാനുള്ള കഴിവും ഏത് വിധേനെയും വിജയം പൊരുതിനേടാനുള്ള മനസ്സിന്റെ ബലവുമാണ് അനുഗ്രഹമായത്. ഹംപിയ്‌ക്കൊപ്പം ആറര പോയിന്‍റുകളോടെ ചൈനയുടെ ഷൂ ജിനറും ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. മറ്റ് പത്ത് പേര്‍ അര പോയിന്‍റ് കുറവോടെ ആറ് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്.
പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ഡി. ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും ഒമ്പത് റൗണ്ടുകള്‍ക്ക് ശേഷം 6.5 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇവര്‍ കൂടാതെ മറ്റ് 11 പേരും ആറര പോയിന്‍റ് നേടിയിട്ടുണ്ട്. കഴിഞ്ഞ കുറെ മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ടിരുന്നു ചെസ് ലോക ചാമ്പ്യനായ ഗുകേഷിന്റെ ശക്തമായ തിരിച്ചുവരാണ് ദോഹയില്‍ കാണുന്നത്. പക്ഷെ ഇവരേക്കാള്‍ ഒരു പോയിന്‍റ് അധികം നേടി ഏഴര പോയിന്‍റോടെ അമേരിക്കയുടെ ഹാന്‍സ് നീമാനും റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവും ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഒമ്പത് റൗണ്ടിനിടയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഗുകേഷ് തോറ്റത്. അത് ഉസ്ബെകിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായാണ്. പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവാണ്. അഞ്ച് തവണ ലോക റാപ്പിഡ് കിരീടം നേടിയിട്ടുള്ള ലോക ചെസ്സില്‍ എതിരാളികളില്ലെന്ന് കരുതുന്ന മാഗ്നസ് കാള്‍സനെ വ്ളാഡിസ്ലാവ് ആര്‍ടെമീവ് തോല്‍പിച്ചു. ലോക അഞ്ചാം നമ്പര്‍ താരമായ ഇന്ത്യുയുടെ അര്‍ജുന്‍ എരിഗെയ്സിയെയും വ്ളാഡിസ്ലാവ് ആര്‍ടെമീവ് തോല്‍പിച്ചിരുന്നു.









