
ആലപ്പുഴ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റോട്ടറി ട്രോഫിക്കായുള്ള കേരള സംസ്ഥാന കിഡ്സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാം പതിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ആതിഥേയരായ ആലപ്പുഴയ്‌ക്കൊപ്പം കോട്ടയം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ മുന്നേറി. കൂടാതെ ആണ്‍ കുട്ടികളില്‍ ഇടുക്കിയും പെണ്‍കുട്ടികളില്‍ മലപ്പുറവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
ലീഗ് മത്സരത്തിന്റെ അവസാന ദിവസം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ 47-10ന് കൊല്ലത്തെ പരാജയപ്പെടുത്തിയ ശേഷം എറണാകുളത്തെ 51 -35 നു തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡി ജേതാക്കളായ തിരുവന്തപുരം 42-36ന് കാസര്‍ഗോഡിനെ തോല്‍പ്പിച്ചു. എറണാകുളം 49-9ന് മലപ്പുറത്തെ കീഴടക്കി. കോഴിക്കോട് പത്തനംതിട്ടയെ 69-2ന് തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ പാലക്കാട് 55-15ന് കണ്ണൂരിനെയും തൃശൂര്‍ 44-21ന് കാസര്‍ഗോഡിനെയും മലപ്പുറം 26-21ന് കൊല്ലത്തെയും തോല്‍പിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് 54-2ന് കാസര്‍ഗോഡിനെ തകര്‍ത്ത ശേഷം തൃശൂരിന് മേല്‍ 38-5ന്റെ വമ്പന്‍ വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി. തിരുവനന്തപുരം ആദ്യം 50-14ന് പത്തനംതിട്ടയെയും പിന്നീട് 30-3ന് കോട്ടയത്തെയും തോല്‍പ്പിച്ചു ഗ്രൂപ്പില്‍ ഒന്നമതായി. മറ്റു ലീഗ് മത്സരങ്ങളില്‍ എറണാകുളം 44-10ന് കണ്ണൂരിനെയും ആലപ്പുഴ 45-2ന് പാലക്കാടിനെയും മലപ്പുറം 44-7ന് കണ്ണൂരിനെയും തോല്‍പ്പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.









