
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ റോമി ഭിന്ദര്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഐപിഎല്‍ മത്സരത്തിനിടെ ഡഗൗട്ടില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ സുരക്ഷാ യുണിറ്റ് (എസിഎസ്‌യു)ചുമത്തിയ ശിക്ഷയാണിത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം ഗോഹട്ടിയില്‍ നടക്കുമ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സി അണിഞ്ഞ് ടീമിന്റെ ഡഗൗട്ടില്‍ ഇരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ റോമി ഭിന്ദറിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി തൃപ്തികരമായി തോന്നിയില്ല. തുടര്‍ന്ന് ബിസിസിഐ ഐപിഎല്‍ പിഎംഒഎ പ്രോട്ടോകോളിലെ ആര്‍ട്ടിക്കിള്‍ 4.1.1 പ്രകാരമാണ് ഒരു ലക്ഷം രൂപ ഫൈന്‍ ചുമത്തിയത്. കൂടാതെ താക്കീതും ഇതോടൊപ്പം ഉണ്ട്. ഇനി മേലിലും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ഈ കര്‍ശന നടപടിയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക പറഞ്ഞു.









