
തിരുവനന്തപുരം: വനിതാ ട്വന്റി20 പരമ്പരയില്‍ ഭാരതവും ശ്രീലങ്കയും ഇന്ന് അവസാന അങ്കത്തില്‍ ഏറ്റുമുട്ടും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം.
എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരാനിറങ്ങുന്ന ഭാരതത്തിനെതിരെ ഇറങ്ങുന്ന ശ്രീലങ്കയ്‌ക്ക് കഴിഞ്ഞ കളിയില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തിയതിന്റെ ആത്മവിശ്വാസമുണ്ട്. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഭാരതം നിലവില്‍ 4-0ന് മുന്നിലാണ്. തുടര്‍ച്ചയായ തോല്‍വികളില്‍ പതറുന്ന ശ്രീലങ്ക ആശ്വാസജയത്തിനായാണ് ഇന്നിറങ്ങുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന ഭാരതത്തിന്റെ പ്രധാന ആയുധം ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും ഫോം ആണ്. പരമ്പരയില്‍ ഇതിനകം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മികച്ച ഫോമിലാണ് താരം. സൂപ്പര്‍ താരം സ്മൃതി മന്ദന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റര്‍ റിച്ച ഘോഷിന്റെ സാന്നിധ്യവും ഭാരതത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിന്റെ പോരാട്ടവീര്യം മാത്രമാണ് നിലവില്‍ ലങ്കന്‍ നിരയ്‌ക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഭാരതത്തെ വിറപ്പിക്കുന്ന തുടക്കം നല്‍കിയ ശേഷമാണ് ശ്രീലങ്ക പരാജയം സമ്മതിച്ചത്. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്.









