
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടുകയും ഒരു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കരണ്‍ ലംബയും(116) ദീപക് ഹൂഡയും(86) ചേര്‍ന്നാണ് ടീമിനെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 171 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ദീപക് ഹൂഡയെ ബാബ അപരാജിത്ത് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയ ശേഷം എത്തിയവര്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച് പുറത്തായിക്കൊണ്ടിരുന്നു. മറുവശത്ത് കരണ്‍ ലംബ ഉറച്ച് നിന്നു പൊരുതി. ഇന്നിങ്‌സ് അവസാനിക്കുവോളം താരം പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ബാബ അപരാജിതും(126) കൃഷ്ണപ്രസാദും(53) 116 പന്തുകളില്‍ 12 ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അപരാജിത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. ഇവരും പുറത്തായതോടെ കേരളം വീണ്ടും പ്രതിസന്ധിയിലായി.
44.5 ഓറില്‍ ഏഴ് വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് അങ്കിത് ശര്‍മയ്‌ക്കൊപ്പം ഏദന്‍ ആപ്പിള്‍ ടോം ക്രീസിലേക്ക് വരുന്നത്.വിജയത്തിന്
11 റണ്‍സ് അകലെ 27 റണ്‍സ് നേടിയ അങ്കിത് ശര്‍മ്മ പുറത്തായി. എന്നാല്‍ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന് ആവേശകരമായ വിജയം സമ്മാനിച്ചു. വെറും 18 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 40 റണ്‍സുമായി ഏദന്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും മാനവ് സുതാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.









