
മെല്‍ബണ്‍: സീസണിലെ ആദ്യ ടെന്നീസ് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അമേരിക്കന്‍ താരം വീനസ് വില്യംസ് കളിക്കും. 45കാരിയായ വീനസിന് ടൂര്‍ണമെന്റിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ വ്യക്തമാക്കി. വരുന്ന 18ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് വീനസ് ഇറങ്ങുന്നതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റിക്കാര്‍ഡിന് അര്‍ഹയാകും. 2015ല്‍ 44-ാം വയസില്‍ കളിച്ച ജപ്പാന്റെ കിമികോ ഡേറ്റിനെയാണ് വീനസ് മറികടക്കുക.
കരിയറില്‍ ഏഴ് ഗ്രാന്‍ഡ് സ്‌ലാം ടൈറ്റിലുകള്‍ നേടിയിട്ടുള്ള താരമാണ് വീനസ് വില്ല്യംസ്. പക്ഷെ ഒരിക്കല്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടനേട്ടം കൊയ്തിട്ടില്ല. രണ്ട് തവണ ഫൈനലിലെത്തി. 2003ലും 2017ലും രണ്ട് വട്ടവും സഹോദരി സെറീന വില്ല്യംസിനോടാണ് പരാജയപ്പെട്ടത്. 1998ലാണ് ആദ്യമായി ഇവിടെ മത്സരിക്കാനിറങ്ങിയത്. അന്ന് രണ്ടാം റൗണ്ടില്‍ സഹോദരി സെറീന വില്ല്യംസിനെ തോല്‍പ്പിച്ച വീനസ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.
മെല്‍ബണ്‍ പാര്‍ക്കില്‍ കളിച്ച മത്സരങ്ങളില്‍ 54 മത്സരങ്ങളില്‍ വീനസ് വിജയിച്ചു. 21 എണ്ണത്തില്‍ പരാജയപ്പെട്ടു. ഇത് 22-ാം തവണയാണ് വീനസ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനിറങ്ങുന്നത്.
ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ താന്‍ മത്സരിക്കാനിറങ്ങും, തനിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചുവെന്ന് വീനസ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതരും ലോകം കണ്ട മികച്ച വനിതാ ടെന്നീസ് താരങ്ങളില്‍ ഒരാള്‍ക്ക് നേരിട്ട് അവസരം നല്‍കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.









