
കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ രണ്ട് കളികളാണ് ഇന്ന് നടക്കുക. ആദ്യ മത്സരത്തില്‍ സെനഗല്‍ സുഡാനെയും രണ്ടാം മത്സരത്തില്‍ മാലി ടുണീഷ്യയെയും നേരിടും.
ഗ്രൂപ്പ് ഡിയില്‍ നിന്ന് ഏഴ് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയ ടീം ആണ് സെനഗല്‍. രണ്ട് കളികള്‍ ജയിക്കുകയും ഒരു മത്സരം സമനിലയാക്കുകയും ചെയ്ത ഇവര്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ കളിക്കുന്ന സുഡാന്‍ ഗ്രൂപ്പ് ഇയില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ ടീം ആണ്. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ രണ്ട് മത്സരം പരാജയപ്പെട്ടു. മൂന്ന് പോയിന്റുമായാണ് പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ പകുന്നത്. രാത്രി 9.30ന് ടാന്ഗിയറിലാണ് പോരാട്ടം.
ഇന്നത്തെ രണ്ടാം പ്രീക്വാര്‍ട്ടര്‍ രാത്രി 12.30നാണ്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ ടീം മാലി ഗ്രൂപ്പ് സിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായെത്തിയ ടുണീഷ്യയെ നേരിടും.
പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ഇന്നലെയാണ് അവസാനിച്ചത്. ഒടുവില്‍ നടന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളില്‍ ഐവറി കോസ്റ്റും കാമറൂണും ജയത്തോടെ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.









