
ബെനോനി: ഭാരതത്തിന്റെ കൗമാര ക്രിക്കറ്റ് പ്രതിഭാസം വൈഭവ് സൂര്യവംശി യുവ ക്രിക്കറ്റ് നിരയിലേക്ക് ഒരു റിക്കാര്‍ഡ് കൂടി സ്വന്തമാക്കി. ഭാരത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് 2016ല്‍ സ്ഥാപിച്ച അണ്ടര്‍ 19 ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി റിക്കാര്‍ഡ് ആണ് വൈഭവ് ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ മറികടന്നത്. ഒമ്പത് വര്‍ഷം മുമ്പ് 18 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറി തികച്ച ഋഷഭിന്റെ നേട്ടത്തെ പഴങ്കഥയാക്കി വൈഭവ് 15 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറി നേടി. മത്സരത്തില്‍ 24 പന്തുകള്‍ നേരിട്ട വൈഭവ് സൂര്യവംശി 68 റണ്‍സെടുത്തു. പത്ത് സിക്‌സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. മത്സരത്തില്‍ മഴ നിയമപ്രകാരം ഭാരതം എട്ട് വിക്കറ്റ് വിജയം നേടി.









