
റാബത്ത്: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കത്തിലെ അന്തിമ നാലിലേക്കെത്തി മൊറോക്കോയും. വെള്ളിയാഴ്‌ച്ച രാത്രി വൈകി നടന്ന പോരാട്ടത്തില്‍ സെനഗല്‍ സെമിയില്‍ കടന്ന് മണിക്കൂറുകള്‍ക്കകം നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് മൊറോക്കോയും ജയിച്ച് മുന്നേറിയത്.
കരുത്തന്‍ ടീം കാമറൂണിനെതിരെ 2-0നായിരുന്നു മൊറോക്കോയുടെ വിജയം. മത്സരത്തിന്റെ രണ്ട് പകുതികളിലായി മൊറോക്കോ ഓരോ ഗോളുകള്‍ നേടി. 26-ാം മിനിറ്റില്‍ ബ്രാഹിം ഡിയാസും 74-ാം മിനിറ്റില്‍ ഇസ്മായീല്‍ സയിബറിയും ഗോളുകള്‍ നേടി.
ഇരു ടീമുകളും അമിത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഗോള്‍ നേടിയ രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് മൊറോക്കോ ഓണ്‍ ടാര്‍ജറ്റ് ആയി ഉതിര്‍ത്തത്. ആകെ മൂന്ന് മുന്നേറ്റങ്ങള്‍ മാത്രം നടത്തിയ കാമറൂണ്‍ ഒരു ഓണ്‍ ടാര്‍ജറ്റ് പോലും തൊടുക്കാതെ മത്സരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മാലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സെനഗല്‍ സെമിയിലെത്തിയത്. മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു സെനഗലിന്റെ ഗോള്‍. ഇലിമാന്‍ ന്ഡിയായെ ആണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് ഒടുവില്‍ മാലിയുടെ യ്വെസ് ബിസ്സോമ ചുവപ്പ് കാര്‍ഡിലൂടെ പുറത്തേക്ക് പോയത് മാലിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ബുധനാഴ്ച രാത്രിയാണ് സെമി മത്സരങ്ങള്‍. സെനഗലിനും മൊറോക്കോയും സെമിയില്‍ കളിക്കുന്നത് വ്യത്യസ്ത മത്സരങ്ങളിലാണ്.









