
നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് നാലാം സീസണിലെ രണ്ടാം പോരാട്ടത്തില്‍ ഗുജറാത്ത് ജയന്റ്‌സ് ജയം സ്വന്തമാക്കി. ആവേശപോരാട്ടത്തില്‍ യുപി വാരിയേഴ്‌സിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഇതിനെതിരെ ഫോബ് ലിച്ച്ഫീല്‍ഡിന്റെ ബലത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച യുപി വാരിയേഴ്‌സിന്റെ പോരാട്ട വീര്യം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.
ഗുജറാത്ത് മുന്നില്‍ വച്ച 208 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുപിക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ കിരന്‍ നാവ്ഗിറെ(ഒന്ന്)യെ നഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രീസിലേക്ക് ഓസ്‌ട്രേലിയന്‍ ഇടംകൈ ബാറ്റര്‍ ഫോബ് ലിച്ച്ഫീല്‍ഡ് എത്തിയതോടെ കളി മാറി. മികച്ച റണ്‍നിരക്കോടെ കളി പുരോഗമിച്ചു നില്‍ക്കെ മറ്റൊരു ഓപ്പണറും ക്യാപ്റ്റനുമായ മെഗ് ലാനിങ്ങി(30)നെ നഷ്ടമായി. പിന്നീട് ഇടയ്‌ക്കിടെ യുപിക്ക് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നെങ്കിലും ലിച്ച്ഫീല്‍ഡ് പൊരുതി നിന്നത് പ്രതീക്ഷ പകര്‍ന്നു. 40 പന്തില്‍ 78 റണ്‍സെടുച്ച ലിച്ച്ഫീല്‍ഡ് 15.4-ാം ഓവറില്‍ പുറത്തായതോടെ യുപിയുടെ പ്രതീക്ഷകള്‍ മങ്ങി. യുപിക്കായി സ്വേത ഷെറാവത്തും(25) ആശാ ശോഭനയും(പുറത്താകാതെ 27) മികച്ചു നിന്നു. ഗുജറാത്തിന് വേണ്ടി രേണുക സിങ് താക്കൂര്‍, സോഫീ ഡിവൈന്‍, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സോഫീ ഡിവൈന്‍(38) അനുഷ്‌ക ശര്‍മ(44), ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍(65), ജോര്‍ജിയ വെയര്‍ഹാം(27) എന്നിവരുടെ പ്രകടന മികവിലാണ് 200 മേലുള്ള ടോട്ടല്‍ പടുത്തത്. യുപിക്കായി സോഫീ എക്ക്‌ലെസ്റ്റോണ്‍ രണ്ട് വിക്കറ്റ് നേടി. ഓള്‍റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച ജോര്‍ജിയ വെയര്‍ഹാം കളിയിലെ താരമായി.









