ജിദ്ദ: സൗദി വിഷൻ 2030ന്റെ ഭാഗമായുള്ള ‘ക്വാളിറ്റി ഓഫ് ലൈഫ്’ ലക്ഷ്യങ്ങൾ മുൻനിർത്തി, അർധ വാർഷിക സ്കൂൾ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ജിദ്ദ മാറുന്നു. കായികം, വിനോദം, സംസ്കാരം, വാണിജ്യം എന്നിവ കോർത്തിണക്കിയുള്ള വിപുലമായ പരിപാടികളാണ് നഗരത്തിൽ അരങ്ങേറുന്നത്.
ജിദ്ദയുടെ ആഗോള പ്രാധാന്യം വിളിച്ചോതുന്ന രണ്ട് പ്രധാന കായിക മേളകളാണ് ഈ സീസണിലെ പ്രധാന ആകർഷണം. ജനുവരി ആറ് മുതൽ 24 വരെ നീളുന്ന എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പ് മത്സരങ്ങളാണ് ഒന്ന്. ജനുവരി ഏഴ് മുതൽ 11 വരെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങളാണ് മറ്റൊന്ന്. ലോകോത്തര താരങ്ങളാണ് ഇതിൽ അണിനിരന്നത്. അന്താരാഷ്ട്ര ടൂർണമെന്റുകൾ മികവോടെ സംഘടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശേഷി തെളിയിക്കുന്നതാണ് ഈ കായിക മാമാങ്കങ്ങൾ.വിനോദ മേഖലയിൽ ശൈത്യകാലാന്തരീക്ഷത്തിൽ ഒരുക്കുന്ന ‘വിന്റർ വണ്ടർലാൻഡ്’ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഗെയിമുകളും തത്സമയ കാർണിവൽ പ്രകടനങ്ങളുമായി സന്ദർശകരെ ആകർഷിക്കുന്നു. ജനുവരി 12 മുതൽ 15 വരെ ജിദ്ദ കോർണിഷ് സർക്യൂട്ടിൽ നടക്കുന്ന ‘ലേബൽ ലാബ്’ ഷോപ്പിങ്ങും വിനോദവും ഒരുമിക്കുന്ന ഒന്നാണ്.

ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ പുതിയ റെഡ് സീ മ്യൂസിയം
ജിദ്ദയുടെ സ്വർണ വ്യാപാര പാരമ്പര്യം വിളിച്ചോതുന്ന ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷൻ ജനുവരി എട്ട് മുതൽ 12 വരെ ജിദ്ദ സൂപ്പർഡോമിൽ നടന്നു. നൂറിലധികം പ്രാദേശിക, അന്തർദേശീയ പ്രദർശകർ പങ്കെടുത്ത ഈ മേള നഗരത്തിന്റെ വാണിജ്യ പ്രാധാന്യത്തിന് അടിവരയിടുന്നു. സാംസ്കാരിക മേഖലയിൽ ചരിത്രപ്രസിദ്ധമായ ബാബ് അൽബുന്ത് കെട്ടിടത്തിൽ പുതുതായി ആരംഭിച്ച ‘റെഡ് സീ മ്യൂസിയം’ ചരിത്രത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളുടെ ചരിത്രപരമായ ഐഡൻറിറ്റി വ്യക്തമാക്കുന്ന ആയിരത്തിലധികം പുരാവസ്തുക്കളും കലാസൃഷ്ടികളുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ചരിത്രവും ആധുനിക സങ്കേതങ്ങളും ഒത്തുചേരുന്ന ഈ മ്യൂസിയം സന്ദർശകർക്ക് ഒരു പുതിയ അനുഭവം നൽകുന്നു.
കായികം, സംസ്കാരം, സാമ്പത്തികം എന്നിവ സമന്വയിക്കുന്ന ഈ പദ്ധതികൾ ജിദ്ദയെ ഒരു സംയോജിത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനും വലിയ പങ്കുവഹിക്കുന്നു.









