
രാജ്‌കോട്ട്: ഭാരതത്തിനെതിരെ ന്യൂസിലന്‍ഡിന് വിജയം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഏഴ് വിക്കറ്റിന് വിരുന്നുകാരായ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്ത ഭാരതത്തെ കിവീസ് 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു(286).
ബൗളിങ്ങിലെ പോരായ്‌മയാണ് ഭാരതത്തിന് വിനയായത്. പൊരുതാവുന്ന സ്‌കോര്‍ നേടിയിട്ടും കിവീസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ ഭാരത ബൗളര്‍മാര്‍ നന്നായി പാടുപെട്ടു. തുടക്കത്തിലേ മികച്ച ആധിപത്യം പ്രകടിപ്പിച്ച പേസര്‍മാരെ രണ്ടാം സ്‌പെല്‍ എറിയിക്കാന്‍ വൈകിയതും തിരിച്ചടിയായി. ഓപ്പണര്‍മാരായ ഡവോന്‍ കോണ്‍വേ(16)യെയും ഹെന്റി നിക്കോള്‍സി(10)നെയും പുറത്താക്കി തുടക്കത്തിലേ തന്നെ ഭാരതം ആഘാതമേല്‍പ്പിച്ചതാണ്. പിന്നീട് ഇത് നിലനിര്‍ത്താന്‍ ഭാരതത്തിന് സാധിച്ചില്ല.
കരുതലോടെ ബാറ്റ് വീശിയ വില്‍ യങ്ങും(87) ഡാരില്‍ മിച്ചലും(പുറത്താകാതെ 131) ഭാരതത്തിന്റെ വിജയമോഹം തല്ലിക്കെടുത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 162 റണ്‍സിന്റെ കൂട്ടുകെട്ട് കിവീസ് വിജയത്തില്‍ നിര്‍ണായകമായി. ഡാരില്‍ മിച്ചലിനൊപ്പം ഗ്ലെന്‍ ഫില്ലിപ്‌സും(32) പുറത്താകാതെ നിന്നു. ഹര്‍ഷിത് റാണ, പ്രിസ്ദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഭാരതത്തിനായി ഓരോ വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭാരതം കെ.എല്‍. രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തിലാണ് പൊരുതാവുന്ന ടോട്ടല്‍ പടുത്തത്. 92 പന്തുകള്‍ നേരിട്ട രാഹുല്‍ പുറത്താകാതെ 112 റണ്‍സെടുത്തു. 11 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍(56) അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി തിളങ്ങി. നന്നായി തുടങ്ങിയ ശേഷം നാലിന് 118 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഭാരതം രാഹുലിന്റെ മികവിലാണ് മുന്നേറിയത്. രാഹുലിന് പിന്തുണ നല്‍കി ജഡേജ ഭേദപ്പെട്ട പ്രകടനം(27) പുറത്തെടുത്തു. മൂന്ന് വിക്കറ്റ് പ്രകടനവുമായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക് ആണ് തുടക്കം മിന്നിച്ച ഭാരത ബാറ്റിങ്ങിന്റെ ഫ്‌ളോ തകര്‍ത്തത്.
പരമ്പരയിലെ ആദ്യ മത്സരം ഭാരതം വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ (1-1) സമനിലയിലായിരിക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്‌ച്ച. ഇന്‍ഡോറില്‍ നടക്കും.









