
കോട്ടയം: സന്തോഷ് ട്രോഫിയില്‍ കിരീടം നേടാനുറച്ച് കേരളത്തിന്റെ അഭിമാന താരങ്ങള്‍ അസാമിലെ ഗുവാഹത്തിയിലെത്തി. സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. നാളെ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലെത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസം മൂന്നു മത്സരങ്ങളാണുള്ളത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡിനെയും (രാവിലെ 9) തമിഴ്നാട് ആതിഥേയരായ അസമിനെയും (ഉച്ചകഴിഞ്ഞ് 2) ബംഗാള്‍ നാഗാലാന്‍ഡിനെയും (ഉച്ചകഴിഞ്ഞ് 2) നേരിടും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്‌ക്കുന്നത്. കേരളം ഗ്രൂപ്പ് ബിയിലാണ്. മുന്നിലെത്തുന്ന എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലേക്കു മുന്നേറും.
അസമിലെ സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. സന്തോഷ് ട്രോഫിക്കായി അസം ഒരുങ്ങിയതായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
കാലാവസ്ഥയോട് പൊരുത്തപ്പെടുക എന്ന വെല്ലുവിളിയാണ് ടീമിനുള്ളത്. അതുകൊണ്ടുതന്നെയാണ് ടീമിന്റെ പരിശീലനത്തിനും മുന്നൊരുക്കത്തിനുമായി വയനാട്ടിലെ ഹൈ ആള്‍ട്ടിറ്റിയൂട് പ്രദേശം തെരഞ്ഞെടുത്തത്.
കേരള ടീമിനെ ജി. സഞ്ജുവാണ് നയിക്കുന്നത്. എറണാകുളം സ്വദേശിയായ പ്രതിരോധ താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്. കഴിഞ്ഞവര്‍ഷത്തെ കേരള ടീമിന്റെ നായകനായിരുന്നു കേരള പൊലീസ് താരമായ സഞ്ജു. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയുടെ പ്രതിരോധ മുഖമായിരുന്നു. 22 അംഗ ടീമില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. നിലവിലെ റണ്ണര്‍അപ്പായ ടീമിലെ താരങ്ങള്‍ക്കൊപ്പം എസ്എല്‍കെയിലെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിലുണ്ട്.
ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്‍. മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് സഹപരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം കെ.ടി ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്, ഫിസിയോ അഹമ്മദ് നിഹാല്‍ റഷീദ്, വീഡിയോ അനലിസ്റ്റ് കിരണ്‍ നാരായണന്‍ എന്നിവരാണ് മറ്റ് ഒഫീഷ്യല്‍സ്.
കേരള ടീം:
ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ് രാജ് (സെന്‍ട്രല്‍ എക്സൈസ്- തൃശൂര്‍), എസ്.ഹജ്മല്‍ (കെ.എസ്.ഇ.ബി- പാലക്കാട്), എം. മുഹമ്മദ് ജസീന്‍ (മലപ്പുറം എഫ്.സി- മലപ്പുറം).
പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്- എറണാകുളം), എം. മനോജ് (കാലിക്കറ്റ് എഫ്.സി- തിരുവനന്തപുരം), അജയ് അലക്സ് (സെന്‍ട്രല്‍ എക്സൈസ്- എറണാകുളം), ബിബിന്‍ അജയന്‍ (തൃശൂര്‍ മാജിക് എഫ്.സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂര്‍ വാരിയേഴ്സ്- മലപ്പുറം), അബ്ദുള്‍ ബാദിഷ് (തിരുവനന്തപുരം കൊമ്പന്‍സ്- മലപ്പുറം), തേജസ് കൃഷ്ണ (തൃശൂര്‍ മാജിക് എഫ്.സി- പാലക്കാട്).
മധ്യനിര: എം.എം. അര്‍ജുന്‍ (കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി- തൃശൂര്‍), വി. അര്‍ജുന്‍ (കെ.എസ്.ഇ.ബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂര്‍ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെ.എസ്.ഇ.ബി- തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ് (റിയല്‍ മലബാര്‍ എഫ്.സി- കാസര്‍കോട്).
മുന്നേറ്റനിര: ടി. ഷിജിന്‍ (കണ്ണൂര്‍ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കറ്റ് എഫ്.സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാന്‍ (കണ്ണൂര്‍ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കറ്റ് എഫ്.സി- മലപ്പുറം), എന്‍.എ. മുഹമ്മദ് അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ്- തൃശൂര്‍).









