
വെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീ-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് വിജയം. ആദ്യമത്സരത്തിലെ ദയനീയ പരാജയത്തെത്തുടര്‍ന്ന് രണ്ടാം മത്സരത്തിനിറങ്ങിയ കിവീസ് 68 റണ്‍സിന് ജയിച്ചു.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 175 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 15.3 ഓവറില്‍ 107 റണ്‍സില്‍ അവസാനിച്ചു. ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് നാട്ടില്‍ ടി20 പരമ്പരയ്‌ക്കിറങ്ങിയത്.
ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ സീര്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 2 വിക്കറ്റെടുത്തു. കോള്‍ മക്കോന്‍കി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 12 പന്തില്‍ 3 വീതം സിക്സും ഫോറും അടക്കം 33 റണ്‍സ് സ്വന്തമാക്കിയ ജോര്‍ജ് ലിന്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിയാന്‍ മള്‍ഡര്‍ (16), റുബിന്‍ ഹെര്‍മാന്‍ (19), ജാസന്‍ സ്മിത്ത് (12), ഡിയാന്‍ ഫോറസ്റ്റര്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നേരത്തെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറില്‍ ന്യൂസിലന്‍ഡ് എത്തിയത്. താരം 49 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 60 റണ്‍സെടുത്തു.









