ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. […]









