
ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ‘ധുരന്ധർ’ സീരീസിന് മൂന്നാം ഭാഗം വരുന്നു. സ്പൈ ത്രില്ലർ വിഭാഗത്തിൽ പുതിയ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ തുടർച്ചയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിർമാതാവ് ജ്യോതി ദേശ്പാണ്ഡെയാണ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ‘ധുരന്ധർ’, ഈ വർഷം മാർച്ചിലെത്തിയ രണ്ടാം ഭാഗമായ ‘ധുരന്ധർ: ദി റിവെഞ്ച്’ എന്നിവയുടെ വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗത്തിനായുള്ള ചർച്ചകൾ സജീവമായത്.
ചിത്രത്തിന്റെ ദൈർഘ്യം കൂടുതലായിരുന്നിട്ടും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. ‘ധുരന്ധർ’ യാത്ര അവസാനിച്ചിട്ടില്ലെന്നും ആരാധകർക്കായി ഉടൻ തന്നെ ഒരു സർപ്രൈസ് പ്രതീക്ഷിക്കാമെന്നുമാണ് ജിയോ സ്റ്റുഡിയോസിന്റെ പ്രതിനിധി കൂടിയായ ജ്യോതി ദേശ്പാണ്ഡെ വ്യക്തമാക്കിയത്. ഈ വർഷം തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ സൂചിപ്പിച്ചത്.
Also Read: വിവാഹ വാഗ്ദാനം നൽകി പീഡനം; സഹസംവിധായകനെതിരെ കേസ്
എന്നാൽ, ചിത്രത്തിലെ ജമീൽ ജമാലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാകേഷ് ബേദി മുൻപ് നൽകിയ പ്രസ്താവന ഇതിന് വിരുദ്ധമായിരുന്നു. മൂന്നാം ഭാഗത്തിന് സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ധുരന്ധർ ഒരു ഫ്രാഞ്ചൈസി ആയതിനാൽ പുതിയ താരങ്ങളെ വെച്ച് സിനിമ തുടരാമെങ്കിലും, നിലവിലെ കഥാപാത്രത്തിന്റെ ദൗത്യം അവസാനിച്ചതായാണ് അദ്ദേഹം സൂചിപ്പിച്ചത്. എങ്കിലും നിർമാതാവിൽ നിന്ന് തന്നെ പോസിറ്റീവായ പ്രതികരണം വന്നതോടെ ‘ധുരന്ധർ 3’ സംഭവിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
The post രഹസ്യ ദൗത്യങ്ങൾ അവസാനിക്കുന്നില്ല; ‘ധുരന്ധർ 3’ ഉടൻ? ആകാംക്ഷ വർധിപ്പിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ appeared first on Express Kerala.









