മനാമ: വിയോജിപ്പിന്റെ കാരണങ്ങൾ പലതുമുണ്ടെങ്കിലും യോജിക്കാനും ഒന്നിച്ചു നിൽക്കാനുമുള്ള സാധ്യതകൾ ആണ് നാം കണ്ടെത്തേണ്ടതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു. അതിലൂടെയാണ് സാമൂഹിക മാറ്റം സാധ്യമാവുക. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ അഹ്‌ലി ക്‌ളബ്ബിൽ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചില തൽപരകക്ഷികൾ ജാതീയമായും സാമുദായികമായും വിഭജനങ്ങൾ സൃഷ്ടിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പും ശൈഥില്യവും ഉണ്ടാക്കുന്നതാണ് നിലവിൽ നാം കണ്ടുവരുന്നത്. സവിശേഷമായ ഈ സാച്ചചര്യത്തെ മറികടക്കാൻ എല്ലാവരും ചേർന്ന് നിന്നുകൊണ്ടുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണം. അധികാരികളുടെ പിന്തുണയോടെയും ധ്രുവീകരണ ശ്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേവല വോട്ടിനു വേണ്ടിയുള്ള ഇത്തരം കുൽസിതശ്രമങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധവും അങ്കലാപ്പും സൃഷ്ടിക്കുന്ന നിലപാടുകളിൽ നിന്നും നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം.
നാളെയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ കൈവെടിയാതിരിക്കുക. ന്യൂനപക്ഷങ്ങൾ ഇതിലും വലിയ പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്ന് പോയവരാണ്. ദൈവിക വിശ്വാസം മുറുകെ പിടിച്ചു പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുക.
ചെറുപ്പവലിപ്പമോ ആൺ പെൺ വ്യത്യാസമോ ഇല്ലാതെ ലിബറലിസം സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ളവരെയും പിടികൂടുന്നു. മതത്തിന്റെയും സമൂഹത്തിന്റെയും നിയന്ത്രണത്തിൽ നിന്നും വ്യക്തിയെ പരമാവധി മോചിപ്പിക്കുകയും അരാജകത്വത്തിലേക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നതിനാണ് ലിബറലിസം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ശരീരത്തിന്റെ അധികാരവും അവകാശവും തനിക്ക് മാത്രമാണ് എന്ന വാദമാണ് ഇത് മുന്നോട്ട് വെക്കുന്നത്. കുടുംബജീവിതം വഴിയുണ്ടാകുന്ന വിവാഹം, ഗർഭധാരണം, പ്രസവം, ഗർഭഛിദ്രം, മുലയൂട്ടൽ, ഗർഭനിരോധനം, ചേലാകർമ്മം തുടങ്ങിയവയെല്ലാം ലിബറലിസത്തിൽ റദ്ദ് ചെയ്യപ്പെടുന്നു. കെട്ടുറപ്പുള്ളതും സമാധാനപൂർണവുമായ കുടുംബഘടന നിലനിൽക്കുമ്പോഴാണ് സമൂഹം ശക്തിപ്പെടുക. വ്യക്തിയുടെയും സമൂഹത്തിന്റെയും നാടിന്റെയും ഉയർച്ചയിലും താഴ്ച്ചയിലും ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് കുടുംബഘടനയാണ്. ആണും പെണ്ണും ഇണതുണകളാവുമ്പോഴാണ് ഊഷ്മളമായ കുടുംബന്ധം ഉണ്ടാവുന്നത്. മക്കളുടെ ജനനത്തിന് കാരണക്കാരാവുക എന്നത് മാത്രമല്ല, അവരുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും മരണാനന്തര ജീവിതവിജയത്തിലും പങ്കുള്ളവരായിരിക്കണം മാതാപിതാക്കൾ. മക്കളോടൊപ്പം ചെലവഴിക്കാൻ നാം കൂടുതൽ സമയം കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു.
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു. വൈസ് പ്രെസിഡന്റുമാരായ ജമാൽ നദ്‌വി, സമീർ ഹസൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്‌മൽ ശറഫുദ്ധീൻ, വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദാ സലിം, പ്രോഗ്രാം കൺവീനർ ജാസിർ പി.പി എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഖയ്യൂം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. എ.എം.ഷാനവാസ് അവതാരകനായിരുന്നു.