മനാമ: ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയുടെ വികസനം എന്നത് ഗ്രാമീണ ഇന്ത്യയുടെ ശ്വാക്തീകരണവും, സ്വയംഭരണവും ആയിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മഹാത്മാ ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഇന്ന് വികസനം എന്ന് പറഞ്ഞു നാട്ടിൽ നടക്കുന്നത്, നാട്ടിലെ പാവപ്പെട്ട ജനതയെ പാടേമറന്ന് കൊണ്ട് സമൂഹത്തിലെ ഉപരിവർഗ്ഗത്തിനും, മധ്യവർഗ്ഗത്തിനും വേണ്ടി മാത്രമുള്ളതാണ്.ഗ്രാമീണ ജനത ആണ് ഇന്ത്യയുടെ ആത്മാവ്. ഗാന്ധിജിയുടെ സ്വപ്നം പോലെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നടപ്പിലാക്കി എങ്കിലും ഗ്രാമീണ ജനതക്ക് തൊഴിലും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കാൻ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല, അതിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വികസനം ആണ് മഹാത്മജി വിഭാവനം ചെയ്തത്. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ വർഗീയ തീവ്രവാദി ആക്രമണം ആയിരുന്നു മഹാത്മജിയുടെ കൊലപാതകം. അധികാരത്തിന്റെ എല്ലാ മേഖലകളിൽ നിന്നും മാറി നിന്ന മഹാത്മജി കൊല്ലപ്പെട്ടില്ലാ എങ്കിൽ രാജ്യത്തിന്റെ ഭാവി മറ്റൊന്ന് ആകുമായിരുന്നു എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി സൈദ് എം എസ്, വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, നസിം തൊടിയൂർ, സെക്രട്ടറി നെൽസൺ വർഗീസ് ഒഐസിസി നേതാക്കളായ പി ടി ജോസഫ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ കുഞ്ഞുമുഹമ്മദ്, അനിൽ കുമാർ കൊടുവള്ളി, ബെന്നി പാലയൂർ, ജെയ്സൺ മഞ്ഞലി, ജെയ്സൺ ഡേവിസ് എന്നിവർ നേതൃത്വം നൽകി.









