മനാമ: ഭൂനികുതി കുത്തനെ ഉയർത്തുകയും ക്ഷേമ പെൻഷൻ വർധിപ്പിക്കാതിരിക്കുകയും ചെയ്ത ബജറ്റ് കേരളത്തിലെ സാധാരണക്കാരുടെ ജീവിത ഭാരം വർധിപ്പിക്കുന്നതാണെന്ന്ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപെട്ടു.
പെൻഷൻ കുടിശ്ശികയില്ലാതെ കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കോടതി ചെലവുകളിലും വലിയ വർധനയാണ് ബജറ്റ് നിർദേശിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങൾക്ക് ഒട്ടുമിക്ക സംസ്ഥാനങ്ങളും സബ്സിഡി നൽകുമ്പോൾ കേരളം വൈദ്യുത വാഹനങ്ങൾക്ക് നികുതി ഉയർത്തുകയാണ് ചെയ്തത്. പഴയ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വർധിപ്പിച്ചത് സാധാരണക്കാരെയാണ് ബാധിക്കുക.
കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നികുതി പിരിവിനപ്പുറമുള്ള മറ്റ് നിർദേശങ്ങൾ ഒന്നും തന്നെയില്ല. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളോ നിർദേശങ്ങളോ ബജറ്റ് മുന്നോട്ടു വെക്കുന്നില്ല.
കേരളം നേരിടുന്ന കാർഷിക പ്രതിസന്ധി സംബന്ധിച്ച് ബജറ്റ് നിശബ്ദ പാലിക്കുന്നു. പ്രവാസികളുടെ പുനരധിവാസത്തിൽ നടത്തിയ വലിയ പ്രഖ്യാപനങ്ങൾക്ക് പ്രായോഗിക പദ്ധതികൾ ബജറ്റിൽ കാണുന്നില്ല. ലോക കേരള സഭ പോലെയുള്ള മെഗാ ഇവൻ്റുകൾക്ക് മാത്രമാണ് സർക്കാരിന് താൽപര്യം. വിദ്യാർഥികളുടെ വിദേശ കുടിയേറ്റമടക്കമുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരുടെ കാര്യത്തിലും ബജറ്റ് മൗനം പാലിക്കുന്നു. സംസ്ഥാന ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പി.എഫിൽ ലയിപ്പിക്കുന്നതിലൂടെ അതിൻ്റെ ഗുണഫലം ജീവനക്കാർക്ക് ലഭിക്കുകയുമില്ല.
സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് സംസ്ഥാനം കരകയറുകയാണെന്ന് ബജറ്റ് പ്രസംഗത്തിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ചുവെങ്കിലും അതിൻ്റെ ഗുണഫലം ജനങ്ങൾക്കെത്തുന്ന കാര്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല
സാധരണക്കാരെ പരിഗണിക്കുന്നതിനും അവരിലേക്ക് കൂടുതൽ പണമെത്തിക്കുന്നതിനും ശ്രമിക്കുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് പ്രാമുഖ്യം നൽകുന്ന കേന്ദ്ര സർക്കാറിൻ്റെ സാമ്പത്തിക സമീപനങ്ങൾ തന്നെയാണ് കേരള ബജറ്റിലും കാണാനാവുന്നതെന്നും അസാധാരണമായ വിലക്കയറ്റത്തിൽ പ്രയാസപ്പെടുന്ന ജനങ്ങളെ പുതിയ നികുതി നിർദേശങ്ങൾ കൂടുതൽ വിഷമത്തിലാക്കുമെന്നും അതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഫ്രൻഡ്സ് അസോസിയേഷൻ ഇറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.