മനാമ: പരീക്ഷാകാലത്തെ സമ്മർദ്ദം തരണം ചെയ്യാനും വിജയകരമായി മുന്നേറാനുമുള്ള മാർഗങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കുവയ്ക്കുന്നതിനായി ബഹ്റൈൻ പ്രതിഭ മനാമ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് സെഷൻ-2025 സംഘടിപ്പിച്ചു.പ്രശസ്ത കൗൺസിലിംഗ് കൺസൾട്ടന്റും സൈക്കോളജിസ്റ്റുമായ ഡോ. ജോൺ പനക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, സമയ നിയന്ത്രണം, ആത്മവിശ്വാസം വർദ്ധിപ്പിക്കൽ, ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രങ്ങൾ എന്തെക്കെയാണെന്ന് ഡോ. പനക്കൽ പരിപാടിയിൽ വിശദമായി പ്രതിപാദിച്ചു.
പ്രതിഭ സെൻ്ററിലെ പെരിയാർ ഹാളിൽ വെച്ച് നടന്ന കൗൺസലിംഗ്’പരിപാടിക്ക് മനാമ മേഖല വനിതാവേദി കൺവീനർ ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി അംഗം ഡോ. ഹേന മുരളി അധ്യക്ഷയായി. കേന്ദ്ര വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിത സതീഷ്, മനാമ മേഖല വനിതാ വേദി ഇൻചാർജ് സുജിത രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ ഡോ. ജോൺ പനക്കലിനെ മെമന്റോ നൽകി ആദരിച്ചു.വനിതാ വേദി എക്സിക്യൂട്ടീവ് അംഗം ജിൻഷ ഷൈജു നന്ദി പ്രകാശിപ്പിച്ചു.