മനാമ: നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം പ്രവാസിയെ നാട്ടിലെത്തിക്കാൻ സഹായിച്ച് പ്രവാസി വെൽഫെയറിൻ്റെ സേവന വിഭാഗമായ ടീം വെൽകെയർ. നാളതുവരെ സമ്പാദിച്ചതും പലരിൽ നിന്നും കടം വാങ്ങിയും ചേർത്ത് 2017 ൽ തുടങ്ങിയ വ്യാപാര സ്ഥാപനം നഷ്ടത്തിൽ ആവുകയും കടം നൽകിയവർക്ക് പണം തിരിച്ച് നൽകാൻ പ്രയാസപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസിയുടെ നാട്ടിലേക്കുള്ള മടക്ക യാത്ര അനിശ്ചിതമായി നീണ്ടത്. നാട്ടിൽ നിന്നുള്ള അന്വേഷണത്തെ തുടർന്ന് വെൽകെയർ പ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്തുകയും നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റും ഗൾഫ് കിറ്റും ഉദാരമതികളുടെ സഹായത്തോടെ നൽകുകയുമായിരുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസിയെ കണ്ടെത്തുന്നതിനും മടക്കയാത്രയ്ക്ക് സഹായിക്കുന്നതിനും നേതൃത്വം നൽകിയ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, ഹാഷിം തുടങ്ങിയ ടീം വെൽകെയർ അംഗങ്ങൾക്കും യാത്രാ ടിക്കറ്റും ഗൾഫ് കിറ്റും നൽകി സഹായിച്ച ഉദാരമദികൾക്കും പ്രവാസി വെൽഫെയറിന്റെയും ടീം വെൽകെയറിൻ്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നതായി വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.