ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പി.എസ്.കെ) വഴി അനധികൃതമായി പാസ്പോർട്ട് പ്രൊട്ടക്റ്റീവ് കവറുകൾ വിൽപ്പന നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ വിദേശ കാര്യ മന്ത്രാലയത്തിന് നിവേദനം നൽകി.
നിലവിൽ ഇന്ത്യയിലുടനീളം 37 റീജിണൽ പാസ്പോർട്ട് ഓഫീസുകൾക്ക് കീഴിലായി 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളും 424 പോസ്റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുമാണുള്ളത്. 2008 മുതൽ ഇന്ത്യയിലെ പി.എസ്.കെ കളിലെ പാസ്‌പോർട്ട് അപേക്ഷാ സേവനങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസി (ടി.എസ്.എസ്)നാണ്. പ്രസ്തുത സ്ഥാപനം ഈ ചുമതല ഏറ്റെടുത്തത് മുതൽ അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡ് നിർമ്മിക്കുന്ന പാസ്പോർട്ട് പ്രൊട്ടക്ടീവ് കവറുകൾ പി.എസ്.കെ കളിലൂടെ വിൽപന നടത്തുന്നുണ്ട്.
‘പാസ്പോർട്ട് പ്രൊട്ടക്ടീവ് കവർ’ തികച്ചും അപേക്ഷകരുടെ ഇഷ്ടാനുസൃത സേവനമാണെന്നിരിക്കെ കേരളത്തിലുൾപ്പടെ പല പി.എസ്.കെ കളിലും ഇത്തരം കവറുകൾ അപേക്ഷകർക്ക് നിർബന്ധിത വിൽപ്പന നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പി.എസ്.കെ കളെ കേന്ദ്രീകരിച്ചു നടത്തുന്ന അനധികൃത ഇടപാടുകൾക്കെതിരെ പ്രവാസി ലീഗൽ സെൽ നടപടിയാവശ്യപ്പെട്ടത്.
കോഴിക്കോട് റീജിണൽ പാസ്പോർട്ട് ഓഫീസിന് കീഴിലുള്ള വിവിധ പി.എസ്.കെ കളിൽ പാസ്‌പോർട്ടിന് അപേക്ഷിക്കാനെത്തിയ ചില അപേക്ഷകരോട് പാസ്പോർട്ട് കവറുകൾ ഇഷ്ടാനുസൃത സേവനമാണെന്ന് ബോധ്യപ്പെടുത്താതെ വിൽപ്പന നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മൈഗ്രെഷൻ ആക്ടിവിസ്റ്റും മലേഷ്യയിലെ സാമൂഹിക പ്രവർത്തകനുമായ ആത്മേശൻ പച്ചാട്ട് നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് പി.എസ്.കെ വഴി നടത്തുന്ന പാസ്പോർട്ട് കവറുകളുടെ വിൽപ്പനക്ക് വിദേശകാര്യ മന്ത്രാലയം നാളിതുവരെ അനുമതി നൽകിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.
പാസ്പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കാറ്റഗറി തിരിച്ചുള്ള വിലവിവരപ്പട്ടികയോടൊപ്പം പാസ്പോർട്ട് പ്രൊട്ടക്ടീവ് കവറുകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിട്ടുണ്ടെന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും വിവരാവകാശ മറുപടിയിൽ നിന്നും വിദേശകാര്യമന്ത്രാലം അത്തരമൊരംഗീകാരം നൽകിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
പാസ്പോർട്ട് അതോറിറ്റിയുടെ വെബ് പോർട്ടലിൽ നിന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സർക്കാർ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തിയ പാസ്പോർട്ട് പ്രൊട്ടക്ടീവ് കവറുകളുടെ വിവരങ്ങളെ കുറിച്ചും, വിവിധ പി.എസ്.കെ കൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം ഇടപാടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീംകോടതി അഡ്വക്കേറ്റുമായ ശ്രീ.ജോസ് എബ്രഹാം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ നൽകേണ്ട സർക്കാർ സ്ഥാപനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി കോർപറേറ്റുകൾ അനധികൃതമായി നടത്തുന്ന സമാന പണമിടപാടുകൾ തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും പ്രസ്തുത അപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ശ്രീ.ആത്മേശൻ പച്ചാട്ടിന് തന്റെ വിവരാവകാശ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽ മരണപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് കാലതാമസം നേരിടുന്നതിനെതിരെയും, വിവിധ കോൺസുലർ സർവീസുകളുടെ സേവന നിരക്കിനോടൊപ്പം പ്രവാസികളിൽ നിന്നും പിരിച്ചെടുക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് അർഹതപ്പെട്ട പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി ചിലവഴിക്കാത്തതിനെതിരെയും നടപടി സ്വീകരിക്കാൻ അദ്ദേഹം ഇതിനോടകം പ്രവാസി ലീഗൽ സെല്ലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന്‌തന്നെ ഈ പ്രശ്നത്തിന് പരിഹാരം പ്രതീക്ഷിക്കുന്നതായി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ അറിയിച്ചു.