മനാമ: മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വൃതാരംഭം. സൗദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച്ച വിശുദ്ധ റമസാനു തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.
ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ഇന്ന് ശഅ്ബാന്‍ 29 പൂര്‍ത്തിയായതിനാല്‍ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ മേഖലകളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലായിടങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കി.
എന്നാല്‍ ഒടുവില്‍ ഏറെ വൈകിയാണെങ്കിലും തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു. മാസപ്പിറവി കണ്ടതും നാളെ റമദാന്‍ ആരംഭിക്കുന്നതും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നാളെ റമദാന്‍ ആരംഭിക്കും. ന്യൂസിലാൻഡിലെ ഇസ്ലാമിക സമൂഹം മാസപ്പിറവി കണ്ടതായും നാളെ മുതല്‍ വൃതം ആരംഭിക്കുമെന്നും ന്യൂസിലാൻഡിലെ വിദേശകാര്യ, വാണിജ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശ്രീലങ്കയില്‍ വിശുദ്ധ റമദാന്‍ വൃതം ആരംഭിക്കുക മാർച്ച് രണ്ടിന് ആയിരിക്കുമെന്ന് കൊളംബോ ഗ്രാൻഡ് മോസ്‌ക് അധികൃതർ അറിയിച്ചു. ഫിലിപ്പീന്‍സിലും മാസപ്പിറവി ദൃശ്യമായിട്ടില്ല. അതേസമയം കേരളത്തില്‍ ഇന്ന് ശഅ്ബാന്‍ 28 ആയതിനാല്‍ നാളെയാണ് മാസപ്പിറവി നിരീക്ഷണമുണ്ടാകുക. ചന്ദ്രപ്പിറവി ദർശനത്തിന്‍റെ അടിസ്ഥാനത്തിൽ റമദാൻ മാസപ്പിറവി സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ശനിയാഴ്ച വൈകീട്ട് 6.30ന് പാളയം ജുമാമസ്‌ജിദിൽ യോഗം ചേരും. അന്നേദിവസം മാസപ്പിറവി കാണുന്നവർ 0471- 2475924, 9605361702, 9847142383 എന്നീ നമ്പറുകളിൽ അറിയിക്കണം.
വലിയ ഖാദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകീട്ട് 6.30ന് മണക്കാട് വലിയപള്ളിയില്‍ യോഗം നടക്കുമെന്ന് കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവിയും മണക്കാട് വലിയപള്ളി ജമാഅത്ത് പ്രസിഡന്‍റ് മോഡേണ്‍ അബ്ദുല്‍ ഖാദറും അറിയിച്ചു. ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ അന്നേദിവസം സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുന്നവര്‍ 9447304327, 9447655270, 9745682586 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ലാ മൗലവി, നായിബ് ഖാദിമാരായ കെ.കെ. സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി എന്നിവരും അറിയിച്ചു.









