മനാമ: പ്രവാസികളായ സാധാരണ മനുഷ്യരുടെ അധ്വാനവും സമ്പാദ്യവും ചൂഷണം ചെയ്യുന്ന ഇവിടുത്തെ രക്തരക്ഷസുകൾ ആയ വട്ടി പലിശക്കാർക്കെതിരെ ബഹ്റൈൻ ഭരണകൂടവും ഇന്ത്യൻ എംബസിയും സ്വീകരിക്കുന്ന നടപടികൾക്കൊപ്പം നാട്ടിലും നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പലിശ വിരുദ്ധ ജനകീയ സമിതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎക്ക് നിവേദനം നൽകി.
ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. തങ്ങളുടെ നിസ്സഹായത മൂലം പണം വാങ്ങുന്നവരെ പ്രവാസാവസാനം വരെ ചൂഷണം ചെയ്ത് അവരുടെ ജീവിതവും സമ്പാദ്യമാകെയും കൈക്കലാക്കുകയാണ് ഈ സാമൂഹികവിരുദ്ധർ. എല്ലാം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത വിധം യാത്ര വിലക്കിലേക്കും കുരുക്കി ഇടുകയും ചെയ്യുന്നു ഈ പലിശക്കാർ.
ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഇരകളുടെ കയ്യിൽ നിന്നും ഒപ്പിട്ട ബഹ്റൈൻ ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോർട്ടും കൈക്കലാക്കുന്നത് സർവ്വ സാധാരണമാണ്. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ഒപ്പിട്ട ബ്ലാങ്ക് എൻ ആർ ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യുന്നത് പതിവാണ്. പലിശയും കൂട്ടു പലിശയും പിഴപ്പലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.
പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച രമേശ് ചെന്നിത്തല നാട്ടിൽ ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണങ്ങളും സഹായാവശ്യങ്ങളും നൽകാമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നൽകി. താൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ നടത്തിയ ഓപ്പറേഷൻ കുബേരയെ അനുസ്മരിച്ച അദ്ദേഹം പ്രവാസികളായ കൊള്ളപ്പലിശക്കാരെ അമർച ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു.
പ്രവാസികൾ യാതൊരു സാഹചര്യത്തിലും ഇത്തരത്തിലുള്ള ആളുകളെ സമീപിക്കരുതെന്നും തങ്ങളുടെ പാസ്‌പോർട്ടുകൾ മറ്റുള്ളവർക്ക് നൽകുകയോ ബ്ളാങ്ക് മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകുകയോ ചെയ്യരുതെന്നും സമിതി ഭാരവാഹികൾ പ്രവാസികളോട് അഭ്യർത്ഥിച്ചു.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം സെക്രട്ടറി ദീജീഷ്, ജനറൽ കൺവീനർ യോഗാനന്ദ്, വൈസ് ചെയർമാന്മാരായ നാസർ മഞ്ചേരി, അഷ്‌കർ പൂഴിത്തല, ബദറുദ്ദീൻ പൂവാർ, മനോജ് വടകര ഉപദേശക സമിതി അംഗം ബിനു കുന്നന്താനം, രാജു കല്ലുമ്പുറം, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി എന്നിവരും പങ്കെടുത്തു.