മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത പരിപാടിയിൽ ഏരിയാ വൈസ് പ്രസിഡന്റ് എ.എം ഷാനവാസ് റമദാൻ സന്ദേശം നൽകി. ദൈവത്തിലേക്കടുക്കാനുള്ള സുപ്രധാനമായ ഒരു ആരാധനയാണ് വ്രതം എന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ദൈവത്തിന്റെ കൂടെ വസിക്കുന്ന വിശ്വാസി തന്റെ ഹൃദയത്തെ വിമലീകരിക്കുന്നു. തന്റെ ഇച്ഛകളെയും മോഹങ്ങളെയും നിയന്ത്രിക്കാനുള്ള പരിശീലനവും നേടിയെടുക്കുന്നു. ഒടുക്കമില്ലാത്ത മോഹങ്ങളെ സാക്ഷാൽക്കരിക്കലാണ് ജീവിതം എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഭൗതിക ജീവിത വീക്ഷണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിത വിജയത്തിലേക്കാണ് ദൈവം മനുഷ്യനെ ക്ഷണിക്കുന്നത്. സമാധാനവും സന്തോഷവും നിറഞ്ഞ സാമൂഹികാന്തരീക്ഷവും പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ജനതയും ഉണ്ടാക്കിയെടുക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള കരുത്തും നോമ്പിലൂടെ സ്വായത്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷഹീന നൗമലിന്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്റ് മുഹമ്മദ് മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു.