മനാമ: ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവർ എക്സ്പ്രസ്സ് റെസ്റ്ററന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ മീറ്റിനോടാനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ ചെമ്പൻജലാൽ ഉത്ഘാടനം ചെയ്തു.
പ്രവാസ ലോകത്ത് നടക്കുന്ന ഇഫ്താർ സംഗമങ്ങളും മറ്റുള്ള കൂടിച്ചേരലുകളും നാട്ടിലും മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഗമങ്ങളിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വിടവ് ഒരു പരിധിവരെ നികത്താൻ സാധിക്കുന്നുണ്ട്, എന്നാൽ നാട്ടിൽ പുതുതലമുറയിൽ പെട്ടവർ പൊതു മണ്ഡലങ്ങളിൽ സജീവം ആവാതിരിക്കുകയും തൽഫലമായി മയക്കു മരുന്നിന്റെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും അടിമകളായി മാറുകയും ചെയ്യുന്നു. ജാതി മത രാഷ്ട്രീയത്തിനതീതമായുള്ള സംഗമങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതരാഷ്ട്രീയ ഭേദമന്യേ നടത്തുന്ന ഇത്തരം ഒത്തുചേരലുകൾ ഓരോ നാട്ടുകൂട്ടത്തിന്റെയും ഉത്തരവാദിത്തവും അനിവാര്യതയുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മുനീർ ഒറവക്കോട്ടിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി അബ്ദുറഹീം സഖാഫി റമദാൻ സന്ദേശം നൽകി. ഉംറ ഗ്രൂപ്പ് അമീർ ഹാഫിസ് സലാം നദ്‌വി പ്രഭാഷണം നടത്തി. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം ആതവനാട്,രാജീവ് വെള്ളിക്കോത്,അഹമ്മദ് കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കരീം മോൻ, റിഷാദ്, മുഹമ്മദാലി ഇരിമ്പിളിയം, ബിലാൽ, ഹമീദ്, കരീം മാവണ്ടിയൂർ, റിയാസ്, ഫസൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.