മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ബഹ്റൈൻ കേരളീയ സമാജം ഒരുക്കിയ “ഈദ് നിശ ” ശ്രദ്ധേയമായി.
ഏതൊരു വിശേഷവും ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഏവരുമൊന്നിച്ച് ആഘോഷിക്കുന്ന സമാജത്തിൻ്റെ സമഭാവനയിലധിഷ്ഠിതമായ സാംസ്കാരിക പരമ്പര്യത്തിൻ്റെ പ്രതിഫലനമാണ് ഈദ് ആഘോഷമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്റൈനിലെ സംഗീത കൂട്ടായ്മയായ ഗസൽ ബഹ്റൈൻ അവതരിപ്പിച്ച മുട്ടിപ്പാട്ട്, ഒപ്പന, അറബിക് ഡാൻസ് കോൽക്കളി തുടങ്ങിയ കലാപരിപാടികളോടെ നടത്തിയ ഈദ് നിശയുടെ മുഖ്യ ആകർഷണം പ്രശസ്ത ഗായകൻ ഷാഫി കൊല്ലം അവതരിപ്പിച്ച സംഗീത പരിപാടിയായിരുന്നു.
ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇൻകോ ഡിസൈൻസിൻ്റെ മാനേജിംഗ് ഡയറക്ടർ എ.ച്ച്.നിസാമുദ്ദീനെ സമാജം ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ സിറ്റി മാക്സ് ഫാഷൻ്റെ പ്രതിനിധികളായ ജംഷീർ, ജുനൈദ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സമാജം കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ആഘോഷ കമ്മറ്റി കൺവീനർ കെ.ടി.സലിം, ജോയിൻ്റ് കൺവീനർ അൽതാഫ് അഹമ്മദ്
,മറ്റ് ഭരണ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിൻ്റെ സഹകരണത്തോടെ ബഹ്റൈൻ ചെഫ്സ് പാലറ്റ് സംഘടിപ്പിച്ച “റൈസ് ഫ്യുഷൻ ” എന്ന പാചക മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു