മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഷ്വൽ സ്റ്റോറി ടെല്ലിങ്ങ് ഫിലിം വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.
ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ചലച്ചിത്ര പ്രേമികൾക്കായി ഏപ്രിൽ 3 വ്യാഴാഴ്ച മുതൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിങ് ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീ സണ്ണി ജോസഫാണ് ഈ ചലച്ചിത്ര പഠന കളരി നയിക്കുന്നത്. വ്യത്യസ്തതയുടെ പാതയിലൂടെ ചലച്ചിത്ര കഥകളെ എങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു ഗൃഹിതകമായ അനുഭവമാക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പ്രായോഗിക ക്ലാസുകളും, ചലച്ചിത്ര വിസ്താരവും വിശകലനവും ഈ ശിൽപശാലയിൽ ഉൾക്കൊള്ളുന്നതായി സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ അഭിപ്രായപ്പെട്ടു.
സീറ്റുകൾ പരിമിതമാണ്, ആകയാൽ താൽപ്പര്യമുള്ളവർ എത്രയും വേഗം 34020650 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള അറിയിച്ചു.