മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ഫാത്തിമക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി.
സിഞ്ചിലെ പ്രവാസി സെൻ്ററിൽ നടത്തിയ സ്വീകരണ പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ എം. കെ ഫാത്തിമയെ പൊന്നാട അണിയിച്ച് ആദരിച്ചു.
രണ്ട് ടേമുകളിലായി 10 വർഷത്തോളമായി ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്ന എം കെ. ഫാത്തിമ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ആയി മൽസരിച്ചാണ് വിജയിച്ചത്. ജനസേവനം മുഖമുദ്രയാക്കിയ ഫാത്തിമ
പഞ്ചായത്തിൻ്റെ ഭരണ സമിതിയുടെയും പൊതുജന പങ്കാളിത്തത്തോടെയും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്.
രണ്ടു ടേമിലും ഇടത് വലത് മുന്നണികളുടെ ഭാഗമായി പ്രതിപക്ഷത്തായിരുന്നിട്ടും ജനകീയ പങ്കാളിത്തത്തോടെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ഫാത്തിമക്ക് സാധിച്ചു. പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം മുൻനിർത്തി ചിട്ടയായും ആത്മാർത്ഥമായും ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉദ്യോഗസ്ഥരുടേയും പഞ്ചായത്തിലെ ജനങ്ങളുടേയും പ്രീതി പിടിച്ചുപറ്റാനും പഞ്ചായത്തിലെ മികച്ച ജനകീയ മെമ്പറാകുവാനും കഴിഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് പണം കണ്ടെത്തിയാണ് റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പല പ്രവർത്തനങ്ങളും പൂർത്തീകരിച്ചത്.
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജിന ആഷിക്ക് നന്ദിയും പറഞ്ഞു. പ്രദേശത്തെ മുഴുവൻ മനുഷ്യരെയും ഒന്നായിക്കണ്ട് അവരുടെ ഉന്നമനത്തിനു വേണ്ടിയാണ് എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചത് എന്ന് എം.കെ. ഫാത്തിമ മറുപടി പ്രസംഗത്തിൽ പറഞ്ഞു.