വെൽകെയർ പ്രവാസി ആശ്വാസ് 2025 വ്യവസായ പ്രമുഖൻ ഷംസുദ്ദീൻ പ്രകാശനം ചെയ്യുന്നു.
മനാമ: കനത്ത വേനൽ ചൂടിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിൻറെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗ്ഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിൻറെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്.
വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെൽകെയർ ഗഫൂൾ, മനാമ, സൽമാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളിൽ പഴക്കിറ്റുകൾ നൽകിയത്. ചൂട് മൂലം ദാഹം കൂടുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലാളികൾക്ക് വെൽകെയർ സേവനം വലിയ ആശ്വാസമായി.
വെൽകെയർ പഴവർഗ്ഗ കിറ്റുകൾ വിതരണം ചെയ്യുന്നു
വെൽകെയർ കോഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വെൽകെയർ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു. വെൽകെയർ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 36703663 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.