മനാമ : സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഇന്റർനാഷണൽ തലത്തിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. ഇന്ത്യക്ക് പുറത്ത് മദ്രസ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ഐ സി എഫ് ഇന്റർനാഷണലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 300 ഓളം മുഅല്ലിംകൾ പങ്കെടുക്കും.
കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങി പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും.
സമ്മേളനത്തിൽ പ്രമുഖ ട്രൈനർമാരുടെ നേതൃത്വത്തിൽ വിവിധ ട്രെയിനിങ് സെഷനുകളും, മദ്രസ കരിക്കുലം, സമീപനം, മെത്തഡോളജി എന്നിവയിൽ ചർച്ചയും നടക്കും.
വൈകിട്ട് അഞ്ച് മണിക്കാണ് സമാപന സമ്മേളനം.
ഇന്റർനാഷണൽ മുഅല്ലിം കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായതായി ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.