
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കടുത്ത പരീക്ഷണം അതിജീവിച്ച് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടെയ്‌ലര്‍ ഫ്രിട്‌സിനെ കീഴടക്കിയത് കിണഞ്ഞ് ശ്രമിച്ച്. നാല് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഏറ്റവും അധികം ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടിയ വമ്പന്‍ താരത്തിന്റെ വിജയം.
ആദ്യ രണ്ട് സെറ്റ് വിജയിച്ച ദ്യോക്കോവിച്ച മൂന്നാം സെറ്റ് നഷ്ടപ്പെടുത്തി. തൊട്ടടുത്ത സെറ്റ് വീണ്ടും തികഞ്ഞ പോരാട്ട വീര്യത്തോടെ പൊരുതി സെറ്റും മത്സരവും സെര്‍ബിയന്‍ താരം സ്വന്തം പേരിലാക്കി.
നാളെ നടക്കുന്ന സെമിയില്‍ രണ്ടാം സീഡ് താരം കാര്‍ലോസ് അല്‍കാരസിനെയാണ് ദ്യോക്കോവിച്ചിന് നേരിടേണ്ടത്. ക്വാര്‍ട്ടറില്‍ യിരി ലഹേക്കയെ ആണ് അല്‍കാരസ് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റ് വിജയമാണ് അല്‍കാരസ് നേടിയത്. സെമിയില്‍ ദ്യോക്കോവിച്ചിന് അല്‍കാരസിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ സീസണില്‍ തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്‌ലാമിലും യാനിക് സിന്നര്‍-അല്‍കാരസ് ഫൈനലിന് കളമൊരുങ്ങും. ഇന്ന് വെളുപ്പിനാണ് സിന്നര്‍ ക്വാര്‍ട്ടര്‍ പോരിനിറങ്ങുക. സ്വന്തം നാട്ടുകാരനും പത്താം സീഡ് താരവുമായ ലോറെന്‍സോ മുസേറ്റി ആണ് എതിരാളി.
വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ മാര്‍ക്കെറ്റ വോന്‍ഡ്രുസോവയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കാത്തിരുന്ന ഒന്നാം സീഡ് താരം അരീന സബലെങ്കയ്‌ക്ക് സെമിയിലേക്ക് വാക്കോവര്‍ ലഭിച്ചു. മാര്‍ക്കെറ്റ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു വാക്കോവര്‍. പരിക്ക് കാരണമാണ് മാര്‍ക്കെറ്റ വോന്‍ഡ്രുസോവ പിന്‍മാറിയത്. നാളെ സെമിയില്‍ അമേരിക്കന്‍ താരം ജെസീക്ക പെഗ്യൂല ആണ് വോന്‍ഡ്രുസോവയുടെ എതിരാളി. ടൂര്‍ണമെന്റിലെ നാലാം സീഡ് താരമായ പെഗ്യൂല ക്വാര്‍ട്ടറില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവയെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് സെമിയിലെത്തിയിരിക്കുന്നത്. വമ്പന്‍ താരങ്ങളെ അട്ടിമറിച്ചെത്തിയ ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിനെ കീഴടക്കിയ ക്രെയ്‌സിക്കോവ പെഗ്യൂലയ്‌ക്ക് മുന്നില്‍ മത്സരം അടിയറ വയ്‌ക്കുകയായിരുന്നു.
ഇന്ന് വെളുപ്പിന് നടക്കുന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയും കരോലിന മുച്ചോവയും തമ്മില്‍ ഏറ്റുമുട്ടും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് നവോമി ഒരു ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറുന്നത്.









