മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം’ വേദിയിൽ വയലിൻ നാദപ്രവാഹം തീർത്ത് മലപ്പുറം സ്വദേശിനി ഗംഗ ശശിധരൻ. പതിനൊന്നു വയസ്സുകാരിയായ ഗംഗയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് അനിർവചനീയമായ അനുഭവമാണ് സമ്മാനിച്ചത്.
അഞ്ചാം വയസ്സിൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ ഗംഗ, തന്റെ ഗുരു സി.എസ്. അനുരൂപിന്റെ ശിക്ഷണത്തിൽ നേടിയെടുത്ത വൈഭവം ഓരോ രാഗത്തിലൂടെയും തെളിയിച്ചു. പശ്ചാത്തല സംഗീതത്തിൽ മികച്ച താളബോധം കൂടി ചേർന്നപ്പോൾ സദസ്സ് മുഴുവൻ വയലിൻ നാദത്തിൽ ലയിച്ചു.
ചടുലമായ ഈണങ്ങളും ശാന്തമായ രാഗങ്ങളും മാറിമാറി വന്നപ്പോൾ, നിറഞ്ഞ സദസ്സ് കൈയ്യടികളോടെയാണ് ഗംഗയെ പ്രോത്സാഹിപ്പിച്ചത്. ഭാവിയിലെ ഒരു വാഗ്ദാനമായി മാറാൻ ഈ കൊച്ചു കലാകാരിക്ക് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ കച്ചേരി.
സഹപാഠികളായ കുട്ടികളെപ്പോലെ പാഠപുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ ഗംഗയുടെ ജീവിതം സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് കുടുംബത്തിന്റെ പിന്തുണയോടെയാണ്.വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ വയലിൻ സംഗീതത്തിൽ ആകൃഷ്ടയായി നാലര വയസ്സിൽത്തന്നെ വയലിൻ പഠനം ആരംഭിച്ച ഗംഗയുടെ സംഗീതത്തിലുള്ള ആദ്യ പ്രചോദനം അമ്മ കൃഷ്ണവേണിയിൽ നിന്നായിരുന്നു. അച്ഛൻ കെ.എം. ശശിധരന്റെയും സഹോദരൻ മഹേശ്വറിന്റെയും പൂർണ്ണ പിന്തുണയും പ്രേരണയും കൂടി ആയതോടെയാണ് ഗംഗ വയലിൻ ലോകത്ത് തന്റെ ഇടം കണ്ടെത്തിയത്. ഇതിനോടകം മുന്നൂറോളം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ഈ കൊച്ചുമിടുക്കി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
സംഗീതത്തിന് ഭാഷയില്ലെന്നും, വയലിനിലൂടെ അത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് എത്തുമെന്നും ഗംഗ തെളിയിച്ചതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. ഈശ്വരൻ നൽകിയ വരദാനമാണ് ഗംഗയുടെ കഴിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ് തുടങ്ങിയവർ ഏകോപനം നിർവ്വഹിച്ച പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാജീവ് കുമാർ മിശ്ര, യൂണികോ ബഹ്റൈൻ സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.









