
ദുബായി: ഏഷ്യാകപ്പ് ക്രിക്കറ്റ് 2025ന് ഇന്ന് വീണ്ടുമൊരു ഞായറാഴ്‌ച്ച, വീണ്ടുമൊരു ഭാരത-പാക് പോരാട്ടം. ഒരാഴ്‌ച്ച മുമ്പ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ ഏറ്റമുട്ടിയവര്‍ ഇന്ന് രണ്ടാം ഘട്ടമായ സൂപ്പര്‍ ഫോറില്‍ വീണ്ടും നേര്‍ക്കുനേര്‍ കാണുന്നു. മത്സരം അതേ ദുബായി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍, അതേസമയത്ത്-രാത്രി എട്ടിന് ആരംഭിക്കും.
ആദ്യ ഘട്ട ഏറ്റുമുട്ടല്‍ ഭാരതത്തിന് വളരെ ഈസിയായി കടന്നുപോയി. പക്ഷെ മത്സര ശേഷമുണ്ടായ ഭാരത നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും താരങ്ങളുടെയും വ്യക്തമായ നിലപാടിനെ വിവാദമാക്കി മാറ്റാന്‍ പാക് താരങ്ങളുടെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും(പിസിബി) ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങളുണ്ടായി. ഐസിസിക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
മത്സരം കഴിഞ്ഞ് ക്യാപ്റ്റന്‍ സൂര്യ കുമാറോ മറ്റ് ഭാരത താരങ്ങളോ ഉപചാര പൂര്‍വ്വം ഹസ്തദാനം നല്‍കിയില്ലെന്നായിരുന്നു പാക് താരങ്ങളുടെ ആരോപണം. മാസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 ഭാരതീയര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനെതിരെ ഭാരത സൈന്യം കനത്ത തിരിച്ചടി നല്‍കിയിരുന്നു. എങ്കിലും നിരപരാധികളായ വിനോദ സഞ്ചാരികള്‍ക്ക് നേരേ പോലും ക്രൂരമായ ആക്രമത്തിന് മുതിര്‍ന്ന പാക് ഭീകരരുടെ ചെയ്തികളെ അപലപ്പിക്കുകയെന്നോണമാണ് സൂര്യകുമാര്‍ ഹസ്തദാനം നിരാകരിച്ചത്.
രാഷ്‌ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവത്തിന് പിന്നാലെയെത്തുന്ന ഇന്നത്തെ മത്സരം വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഭാരതം സൂപ്പര്‍ ഫോറിലെത്തിയത്. പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരത്തിനോട് മാത്രമേ പരാജയപ്പെട്ടുള്ളൂ.
ഇന്നത്തെ മത്സരത്തിലെ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമല്ല. എന്നാല്‍ ജയത്തിലൂടെ നേരത്തെ തന്നെ പരമാവധി പോയിന്റ് നേടിയെടുത്ത് ഫൈനല്‍ ബെര്‍ത്തിലേക്കുള്ള വഴി എളുപ്പമാക്കാന്‍ സാധിക്കും.
ഭാരത നിരയില്‍ അക്‌സര്‍ പട്ടേല്‍ കളിച്ചേക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെതിരെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിക്കേറ്റത് പ്രശ്‌നമാണ്. ഭാരത നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. അക്‌സര്‍ പട്ടേലിന് പകരം അര്‍ഷദ്വീപ് സിങ്ങിന് അവസരം നല്‍കിയേക്കും.
സാധ്യതാ ഇലവന്‍
ഭാരതം: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്.
പാകിസ്ഥാന്‍: സാഹിബ്‌സാദ ഫര്‍ഹാന്‍, സെയിം അയൂബ്, ഫകര്‍ സമാന്‍, സല്‍മാന്‍ അഘാ(ക്യാപ്റ്റന്‍), ഹസന്‍ നവാസ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.









