
കറാച്ചി: ഏഷ്യാ കപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മൊഹ്സിൻ നഖ്വി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സ്ഥാനം രാജിവയ്‌ക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് സൂപ്പർ താരം ഷാഹിദ് അഫ്രീദി ആവശ്യപ്പെട്ടു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ അഫ്രീദി, ഒരു മുൻനിര ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവാദിത്വങ്ങളും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി സ്ഥാനവുംകൂടി ഒന്നിച്ചുവഹിക്കുന്നത് ശരിയല്ലെന്നാണ് ന്യായം പറയുന്നത്. എന്നാൽ, ഭാരതവുമായി കളിയിൽ തോറ്റതിന് ശേഷം നടന്ന സംഭവങ്ങളിൽ പാക് ക്രിക്കറ്റ് ബോർഡ് ഭാവിയിൽ നേരിടാൻ പോകുന്ന വിലക്കുകളും വിമർശനങ്ങൾക്കും മുൻകൂർ ജാമ്യമാണ് എന്നാണ് വിലയിരുത്തൽ. മന്ത്രികൂടിയായ നഖ്‌വിയെ പുറത്താക്കാൻ ബോർഡ് നിർബന്ധിതമാകും. അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കും. മന്ത്രിപദംതന്നെ ചിലപ്പോൾ രാജിവെക്കാൻ ഇത് വഴിതെളിച്ചേക്കാം. ഈ സാഹചര്യത്തിൽ സ്വയം ഒഴിയാനുള്ള കാരണമായാണ് രാജിയാവശ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കായികരംഗത്തിന് പൂർണ്ണ ശ്രദ്ധ ആവശ്യമാണെന്ന് അഫ്രീദി പറഞ്ഞു.
സമീപകാല ഏഷ്യാ കപ്പ് പരാജയത്തിന് ശേഷം, പാകിസ്ഥാൻ ക്രിക്കറ്റിലെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നഖ്വി പരാജയപ്പെട്ടതിന് മുൻ ഓൾറൗണ്ടർ നഖ്വിയെ വിമർശിച്ചത് വലിയ വാർത്തയായിട്ടുണ്ട്.









