
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ആദ്യ സീസണില്‍ സെമിയില്‍ പരാജയപ്പെട്ട രണ്ട് ടീമുകള്‍ രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. കണ്ണൂര്‍ വാരിയേഴ്സ് എവേ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെയാണ് നേരിടുന്നത്. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ സീസണില്‍ തിരുവനന്തുപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ലീഗ് മത്സരത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനായിരുന്നു ജയം.
ആദ്യ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരം കളിച്ച കണ്ണൂര്‍വാരിയേഴ്‌സ് നാല് ജയവും നാല് സമനിലയും രണ്ട് പരാജയവുമാണ് നേടിയത്. സെമിയില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം കൊമ്പന്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനക്കാരായാണ് കഴിഞ്ഞ സീസണില്‍ സെമിയിലെത്തിയത്. സെമിയില്‍ കാലിക്കറ്റ് എഫ്‌സിയോട് തോറ്റ് പുറത്തായി.
പരിചയസമ്പന്നത്തും യുവത്വവും ഒത്തിണങ്ങിയ താരനിരയുമായാണ് കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സീസണിന് ഒരുങ്ങിയിട്ടുള്ളത്. ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകന്‍ മാനുവല്‍ സാഞ്ചസ്, സഹപരിശീലകന്‍ ഷഫീഖ് ഹസ്സനെയും ക്ലബ് ഈ സീസണില്‍ നിലനിര്‍ത്തി. സൂപ്പര്‍ ലീഗില്‍ നിലനിര്‍ത്തിയ ഏക പരിശീലകനും മാനുവല്‍ സാഞ്ചസാണ്.
ഗോള്‍ വലയ്‌ക്ക് മുന്നില്‍ മികച്ച താരങ്ങളാണുള്ളത്. ഈസ്റ്റ് ബംഗാളിനും ഗോകുലത്തിനും ശ്രീനിധിക്കും കളിച്ച സി.കെ. ഉബൈദ്, രണ്ട് തവണ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത വി. മിഥുന്‍ എന്നിവരുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. അല്‍കേഷ് രാജാണ് മൂന്നാത്തെ ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ കഴിഞ്ഞ സീസണില്‍ കളിച്ച അശ്വിനും വികാസിനും കൂട്ടിനായി അര്‍ജന്റീനിയന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടെ എതിര്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ഇറങ്ങും. മധ്യനിരയാണ് ടീമിന്റെ ഏറ്റവും മികച്ച കരുത്ത്. കഴിഞ്ഞ സീസണില്‍ മധ്യനിരയെ നിയന്ത്രിച്ച ലവ്‌സാംബ, ഫോഴ്‌സ കൊച്ചിയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ നിദാല്‍ സൈദ്, കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എബിന്‍ ദാസ്, സ്പാനിഷ് അണ്ടര്‍ 16 താരം അസിയര്‍ ഗോമസ് ഇങ്ങനെ നീളുന്നു മധ്യനിരയുടെ കരുത്ത്. മുന്നേറ്റത്തില്‍ കഴിഞ്ഞ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍ കൂടിയായ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ ഇറങ്ങുമെന്ന് ഉറപ്പ്. കൂടെ റിയല്‍ കാശ്മീര്‍ എഫ്‌സിയില്‍ നിന്ന് അബ്ദു കരീം സാംബ്, വിങ്ങില്‍ ഷിജിനും ഗോകുലും അര്‍ജുനും.
ഇംഗ്ലീഷുകാരനായ ജെയിംസ് പാട്രിക്കാണ്. അസിസ്റ്റന്റ് കോച്ചായി തമിഴ്‌നാട്ടുകാരനായ കാലി അലാവുദ്ദീനും ഗോള്‍കീപ്പിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക സ്വദേശിയുമായ ബാലാജി നരസിംഹനും ജെയിംസ് പാട്രിക്കിനൊപ്പമുണ്ട്.
ആറ് ബ്രസീലിയന്‍ താരങ്ങളാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ കളി നിയന്ത്രിക്കുക കഴിഞ്ഞ സീസണിലെപ്പോലെ ഇത്തവണയും പാട്രിക് മോട തന്നെയായിരിക്കും. പ്രതിരോധത്തില്‍ ഫിലിപ്പ് ആല്‍വെസും ലൂറി കര്‍വാലോ. മുന്നേറ്റത്തില്‍ ഓട്‌മെര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റെണാല്‍ഡ് മകാലിസ്റ്റര്‍ എന്നിവരാണ് ടീമിലെ മറ്റ് ബ്രസീലിയന്‍ താരങ്ങള്‍. കൂടെ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം സലാം രഞ്ജന്‍ സിങ്, ഐ ലീഗ് താരം ഷാനിദ് വാളന്‍, ബിപിന്‍ ബോബന്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ഇരുടീമുകളും ശക്തരായതിനാല്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.









